'
തിരുവനന്തപുരം: മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവച്ചതില്‍ അനുനയ നീക്കവുമായി കോണ്‍ഗ്രസ്. അദ്ദേഹം രാജിവച്ചത് ഏത് സാഹചര്യത്തില്‍ ആണെങ്കിലും അത് പിന്‍വലിക്കണമെന്ന് കെപിസിസി നേരിട്ട് ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായ വ്യത്യാസങ്ങള്‍ കേള്‍ക്കും. അത് പരിഹരിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ പരിഹരിക്കും. അദ്ദേഹത്തെ ഉള്‍ക്കൊണ്ടുപോകണം എന്നാണ് എക്കാലത്തും കോണ്‍ഗ്രസും കെപിസിസിയും ആഗ്രഹിക്കുന്നതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വി എം സുധീരനുമായി നേരിട്ട് ചര്‍ച്ച നടത്തും. അദ്ദേഹത്തിന് സാഹചര്യമുണ്ടെങ്കില്‍ ഇന്ന് തന്നെ കാണും. രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.