പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി



 



ന്യൂഡല്‍ഹി: ഇപിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നീട്ടി. സമയപരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഇപിഎഫ്ഒ അറിയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍മ്മാണം, പ്ലാന്റേഷന്‍ തുടങ്ങി ചില വ്യവസായങ്ങള്‍ക്കുമാണ് ഇളവ് അനുവദിച്ചത്. 

നേരത്തെ സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് ഇപിഎഫ് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ഇപിഎഫ്ഒ അറിയിച്ചിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സമയപരിധി നീട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ തൊഴിലാളികളുടെ ആധാര്‍ നമ്പര്‍ ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് തൊഴിലുടമയ്ക്ക് കൂടുതല്‍ സമയം ലഭിക്കും. അടുത്തക്കാലത്തായി രണ്ടുതവണയാണ് ആധാര്‍ പിഎഫ് അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. ആദ്യം ജൂണിലാണ് നീട്ടിയത്.

2021 ഡിസംബര്‍ 31ന് മുമ്പായി പിഎഫ് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ടിലേക്ക് വരുന്ന തൊഴില്‍ ദാതാവിന്റെ വിഹിതം ലഭ്യമാവുകയില്ല. അത് കൂടാതെ ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ഉപയോക്താവിന് പ്രയാസങ്ങള്‍ നേരിട്ടേക്കാം. 

Previous Post Next Post