കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥരെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വഷണം തുടങ്ങിയതിന് പിന്നാലെ ആദ്യ കേസും രജിസ്റ്റര്‍ ചെയ്തു. മകന്‍ പ്രതിയായ പീഡനക്കേസ് ഒതുക്കാന്‍ പാറമട ഉടമയില്‍നിന്ന് പണം വാങ്ങിയ സംഭവത്തില്‍ തൃശ്ശൂര്‍ കൊടകരയില്‍ പൊതുപ്രവര്‍ത്തകനായ അജിത് കൊടകര നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്എച്ച് ഒ സുരേഷ്‌കുമാര്‍, എഎസ്‌ഐ ജേക്കബ്, സിപിഒ ജ്യോതി ജോര്‍ജ്ജ്, കൊടകര എസ്എച്ചഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഇടപാടുകള്‍ സംശയകരമെന്ന് നേരത്തെ ഇഡി കണ്ടെത്തിരുന്നു. പിന്നാലെയാണ് കേരള പോലീസിലെ നാലുപേരെ പ്രതിചേര്‍ത്തുകൊണ്ടുള്ള കേസ് ഇഡി രജിസ്റ്റര്‍ ചെയ്തത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നേരത്തെ ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ കത്ത് നല്‍കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥരെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വഷണം. കത്തില്‍ പരാമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസുകളുണ്ടെങ്കിലോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുമായി ബന്ധമുണ്ടെങ്കില്‍ ഉടന്‍ അറിയിക്കാനുമാണ് ഇഡി നിര്‍ദ്ദേശം. എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറായിരുന്നു കത്ത് നല്‍കിയത്. പാറമട ഉടമയുടെ മകനെതിരായ മാനഭംഗക്കേസ് ഒതുക്കാന്‍ പ്രതിഫലമായി വന്‍തുക കൈപ്പറ്റിയെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ പരാതി. പ്രാഥമികാന്വേഷണം നടത്തിയ ഇഡി പരാതിക്കാരനായ അജിത് കൊടകരയില്‍ നിന്നും തെളിവുകളും മൊഴിയും ശേഖരിച്ചിരുന്നു. കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ കുടുക്കാന്‍ കൊടകരയിലെയും തടിയിട്ടപ്പറമ്പിലെയും പോലീസുകാര്‍ ഒത്തുകളിച്ചെന്നും ഇതിനായി വലിയ തുക വാങ്ങിയെന്നുമുള്‍പ്പെടെയുള്ള ആക്ഷേപങ്ങളാണ് പരാതിക്കാരന്‍ ഇഡിക്ക് നല്‍കിയത്. നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് എതിരായ പരാതി ചാലക്കുടി ഡിവൈ.എസ്.പി. അന്വേഷിച്ചിരുന്നു. എന്നാല്‍ പോലീസിന് അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതിനിടെ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കൊടകര സ്റ്റേഷന്‍ എസ്എച്ച്ഒ. ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണനെതിരേ വകുപ്പുതലനടപടിക്ക് ശുപാര്‍ശയും ചെയ്തിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടെ നേരത്ത ഇഡി പരിശോധിച്ചിരുന്നു.
അതേസമയം, പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സംബന്ധിച്ച പരാതിയില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടിയപ്പോള്‍ തടിയിട്ടപ്പറമ്പ് പൊലീസ് നല്‍കിയ സത്യവാങ്മൂലത്തിലെ വാദങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയായത്. പരാതിക്കാരിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും പണം തട്ടാന്‍ പീഡനപരാതി കെട്ടിച്ചമയ്ക്കാറുണ്ടെന്നും കൊടകര സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു തടിയിട്ടപ്പറമ്പ് പോലീസ് 2020 സെപ്റ്റംബര്‍ 30ന് നല്‍കിയ സത്യവാങ്മൂലം. എന്നാല്‍, കൊടകര പോലീസ് പെണ്‍കുട്ടിയുടെ പേരില്‍ കേസെടുത്തത് ഒക്ടോബര്‍ ഒന്നിനായിരുന്നു.
കേസില്‍ പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് പരാതിക്കാരിയായ പെണ്‍കുട്ടി വിദേശത്തേക്ക് പോവുന്ന നിലയുണ്ടാവുകും ചെയ്തു. പിന്നീട് കേസ് നടത്തിപ്പിന് ഇടപെടുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത പൊതുപ്രവര്‍ത്തകന്‍ അജിത് കൊടകരയെ വെള്ളിക്കുളങ്ങര പോലീസ് ഗുണ്ടാപട്ടികയിലുള്‍പ്പെടുത്തി. വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ അജിത്തിനെതിരേ ഒരു കേസ് പോലുമില്ലെന്നിരിക്കെയാണ് ഗുണ്ടാപട്ടികയിലുള്‍പ്പെടുത്തിയതെന്നും ആക്ഷേപം ഉണ്ട്.