സീരിയല്‍ താരവും മോഡലുമായ നിമിഷയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു







പത്തനംതിട്ട : പള്ളിയോടത്തില്‍ ചെരുപ്പിട്ടു കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ സീരിയല്‍ താരവും മോഡലുമായ നിമിഷയെ പോലീസ് അറസ്റ്റ് ചെയ്തു. 
താരത്തെ പള്ളിയോടത്തില്‍ കയറാന്‍ സഹായിച്ച പുലിയൂര്‍ സ്വദേശിയും ആനയുടമയുമായ ഉണ്ണിയുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിന് ശേഷം ഇരുവരേയും ജാമ്യത്തില്‍ വിട്ടയച്ചു. പള്ളിയോടമാണെന്ന് അറിയാതെയാണ് വള്ളത്തില്‍ കയറിയതെന്നും ആചാര പ്രകാരമുള്ള പ്രായശ്ചിത്തം ചെയ്യാന്‍ സന്നദ്ധയാണെന്നും നിമിഷ അറസ്റ്റിന് ശേഷം പ്രതികരിച്ചു.

 പള്ളിയോട സേവാ സംഘം നല്‍കിയ പരാതിയിലാണ് നടപടി. ആചാരാനുഷ്ഠാനങ്ങളെയും, വിശ്വാസങ്ങളെയും വെല്ലുവിളിച്ച്‌ ചിത്രീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങളാണ് പള്ളിയോടങ്ങള്‍ എന്നറിയപ്പെടുന്നത്. ദൈവസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ വ്രതശുദ്ധിയോടെയാണ് പുരുഷന്മാര്‍ ഇതില്‍ കയറുക. സ്ത്രീകള്‍ പള്ളിയോടങ്ങളില്‍ കയറാന്‍ പാടില്ലെന്നുണ്ട്. കൂടാതെ പാദരക്ഷകള്‍ ഉപയോഗിക്കാറുമില്ല. എന്നാല്‍ ഫോട്ടോഷൂട്ട് നടത്തിയ നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തില്‍ കയറിയത്.

Previous Post Next Post