തിരുവനന്തപുരം : മോൺസൻ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസുകാർക്കെതിരേ ഇന്റലിജൻസ് അന്വേഷണത്തിന് നിർദേശം. മോൺസനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേയാണ് ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തുക. മോൺസനുമായി ബന്ധമുണ്ടെന്ന് പറയുന്ന ഐ.ജി. ലക്ഷ്മണ, മുൻ ഡി.ഐ.ജി. സുരേന്ദ്രൻ, എറണാകുളം എ.സി.പി. ലാൽജി തുടങ്ങിയവരാണ് അന്വേഷണപരിധിയിലുള്ളത്.
വമ്പൻ തട്ടിപ്പുകാരനായ മോൺസനുമായി പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരം പോലീസിനെ കുരുക്കിലാക്കിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തുടർന്നാണ് മോൺസനുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ഇന്റലിജൻസ് അന്വേഷണത്തിന് ഡി.ജി.പി. നിർദേശം നൽകിയത്. ഇന്റലിജൻസ് അന്വേഷണറിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇവർക്കെതിരേ എന്ത് നടപടി സ്വീകരിക്കണമെന്നതിലും തീരുമാനമെടുക്കും.