പൂർണ തോതിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി; ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി ഇളവുകൾ പിൻവലിച്ചു






കൊച്ചി: പൂർണ തോതിൽ സർവീസ് ആരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ഇതോടെ ഇതുവരെ ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. എല്ലാ ജീവനക്കാരോടും ഷെഡ്യൂൾ പ്രകാരം ഹാജരാകാൻ നിർദേശം നൽകിയിരിക്കുകയാണ്.

പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചിരുന്നു. പഞ്ചിങ് അനുസരിച്ചാവും ഇനി ശമ്പളം കണക്കാക്കുക. ജീവനക്കാരുടേതല്ലാത്ത കാരണത്താൽ ഡ്യൂട്ടി മുടങ്ങിയാൽ മാത്രമാവും ഇനി സ്റ്റാൻഡ് ബൈ നൽകുക. എന്നാൽ ഇത്തരത്തിൽ സ്റ്റാൻഡ്‌ ബൈ ഡ്യൂട്ടി ലഭിച്ചാലും ജീവനക്കാർക്ക് കറങ്ങി നടക്കാൻ കഴിയില്ല. ഇവർ ഡിപ്പോയിലെ തന്നെ വിശ്രമ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡപ്രകാരം വിശ്രമിക്കണം.

അയ്യായിരത്തിനു മുകളിൽ കെഎസ്ആർടിസി ബസുകളാണ് മുൻപ് സർവീസ് നടത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ മാസം വരെ മൂവായിരം ബസുകൾ മാത്രമേ സർവ്വീസ് നടത്തിയുള്ളു. കോവിഡിന് മുൻപുണ്ടായിരുന്ന പോലെ പ്രതിമാസം 180 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കോർപ്പറേഷന്റെ ഇടപെടൽ.

Previous Post Next Post