ഡൽഹിയിൽ ആറ് ഭീകരർ പിടിയിൽ; പദ്ധതിയിട്ടത് വൻ സ്ഫോടനങ്ങൾക്ക്; രണ്ട് പേർക്ക് പാകിസ്ഥാനിൽ പരിശീലനം







ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വൻ സ്ഫോടനത്തിന് പദ്ധതിയിട്ട ആറ് ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ പിടികൂടി. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളടക്കം ആയുധ ശേഖരവും പിടിച്ചെടുത്തു. പിടിയിലായവരിൽ രണ്ട് പേർ പാകിസ്ഥാനിൽ പരിശീലനം നേടിയവരാണ്. ഡൽഹിയിലും മുംബൈയിലും ഇവർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നാണു വിവരം.

നവരാത്രി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് ഡൽഹി, മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. ഈയൊരു നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണം വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. സ്പെഷൽ സെൽ ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാ​ഗങ്ങളിൽ വ്യാപകമായി നടത്തിയ റെയ്ഡിലാണ് സംഘത്തെ കസ്റ്റഡിയിൽ എടുത്തത്. 

മുഹമ്മദ് ഒസാമ, സീഷാൻ ഖമർ എന്നീ രണ്ട് ഭീകരർക്കാണ് പാകിസ്ഥാനിൽ പരിശീലനം ലഭിച്ചത്. മസ്ക്കറ്റ് വഴി പാകിസ്ഥാനിലേക്കെത്തിയാണ് ഇവർ ഭീകര പ്രവർത്തനത്തിൽ പരിശീലനം നേടിയത്. സ്ഫോടക വസ്തു നിർമാണത്തിലാണ് പാകിസ്ഥാനിൽ ഇവർക്ക് 1‌5 ദിവസത്തെ പരിശീലനം ലഭിച്ചത്. 

അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിം ഇവരുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ് അനീസ് ഇവർക്ക് വേണ്ട സഹായങ്ങൾ നൽകിയത്. പ്രധാനമായി ഹവാല പണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കാൻ വേണ്ട സഹായമാണ് ഇയാൾ നൽകിയതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. 

ഇവരുടെ പക്കൽ നിന്ന് ആർഡിഎക്സ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമാണ് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുകളുണ്ടാകുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. 

Previous Post Next Post