പത്തനംതിട്ട: പ്ലാസ്റ്റിക് ഗ്രോബാഗ് ഉപയോഗിച്ചുള്ള പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കാന്‍ ആലോചന. പരിസ്ഥിതിക്ക് നാശം വരുത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഗ്രോബാഗ് ആറു മാസം മുതല്‍ ഒരു വര്‍ഷംവരെ ഉപയോഗിക്കാനേ പൊതുവേ കഴിയൂ. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ വിഹിതവുമുപയോഗിച്ചുള്ള ഗ്രോബാഗ് പച്ചക്കറി കൃഷിയും വ്യാപകമാണ്. ലക്ഷക്കണക്കിന് ഗ്രോബാഗുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
ഗ്രോബാഗ് പകരമായി പുനരുപയോഗിക്കാന്‍ കഴിയുന്ന ചട്ടികള്‍ ഉപയോഗപ്പെടുത്താനാണ് ആലോചന. പോളി എഥിലിന്‍ ചട്ടികള്‍ അഞ്ചുവര്‍ഷത്തിലധികം ഉപയോഗിക്കാന്‍ കഴിയുമെന്ന നിര്‍ദേശം വികേന്ദ്രീകൃതാസൂത്രണസമിതി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉത്പാദനം കുടുംബശ്രീകള്‍ വഴി നടത്താന്‍ കഴിയുമോയെന്നതും പരിഗണനയിലുണ്ട്. ടെറസ് കൃഷിക്കും പുരയിട കൃഷിക്കും ഉപയോഗിക്കാന്‍ പുതുരീതി ആവിഷ്‌കരിക്കുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യവും സമിതിക്ക് മുമ്പിലുണ്ട്
പ്ലാസ്റ്റിക് ഉള്‍പ്പെടുത്തിയുള്ള ഗ്രോബാഗ് കൃഷിരീതി കൈയൊഴിയാന്‍ കൃഷിവകുപ്പും മുമ്പേ ആലോചിച്ചിരുന്നു. പരിസ്ഥിതിക്കുണ്ടാകുന്ന നാശം കണക്കിലെടുത്തായിരുന്നു ഇത്. സ്ഥലപരിമിതി മറികടന്നും പച്ചക്കറി ഉത്പാദനം കൂട്ടാനാകുമെന്നതാണ് ഗ്രോബാഗ് കൃഷിക്ക് പ്രചാരമേറ്റിയത്.