അനുവദിക്കപ്പെട്ടതിലും അധികഭാരം കയറ്റിയ ചരക്കുലോറികൾ നിരത്തിൽ കൂടുന്നു. നിർമാണ സാമഗ്രികളടക്കമുള്ള ചരക്കുകൾ അമിതമായി കയറ്റി അപകടമായ രീതിയിലാണ് ഇവയുടെ യാത്ര. ചരക്കുകൾ സുരക്ഷിതമായി ലോറികളിൽ നിറയ്ക്കണമെന്നതും പലസമയങ്ങളിലും പാലിക്കപ്പെടുന്നില്ല. അപകടസാധ്യതക്കൊപ്പം റോഡുകൾ പെട്ടന്ന് തകരുന്നതിന് ഇതിടയാക്കുന്നൂവെന്നാണ് ആക്ഷേപം. ചരക്കുകൾ അമിതമായി ഏതാനും ലോറികളിൽ കയറ്റിപ്പോകുന്നതോടെ മറ്റുലോറികൾക്ക് ഓട്ടം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഓട്ടം പകുതിയോളം കുറഞ്ഞെന്നാണ് ഈ രംഗത്തുള്ളവർ. പരിഹാരമാവശ്യപ്പെട്ട് ഓൾ കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
*കടുത്ത പിഴ;*
➖➖➖➖➖➖➖
അമിതഭാരം കയറ്റിയുള്ള നിയലംഘനങ്ങൾക്ക് 10,000രൂപയാണ് അടിസ്ഥാന പിഴ. അധികമുള്ള ഒരോടണ്ണിനും 1500രൂപ വീതവും അടയ്കണം. വാഹനത്തിൽ കയറ്റാവുന്ന ഭാരത്തിന്റെ പരിധിസംബന്ധിച്ച് ആർ.സിയിലും പെർമിറ്റിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിന് വിരുദ്ധമായി റോഡിലിറങ്ങുന്ന വാഹനങ്ങൾ പിടികൂടി ഭാരം പരിശോധിച്ചാണ് നിയമനടപടിയെടുക്കുന്നത്. ഉയരത്തിൽ ചരക്കുകൾ കയറ്റുന്നതും പുറത്തേക്കു തള്ളിനിൽക്കുന്ന രൂപത്തിൽവെക്കുന്നതും നിരോധിച്ചിട്ടുണ്ട്.
*പരിശോധന കർശനമാക്കും;*
➖➖➖➖➖➖➖
അമിതഭാരം കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾ ജില്ലയിലെ റോഡുകളിൽ വർധിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന പാതകളിൽ ഇത്തരം വാഹനങ്ങൾ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. നൂറുക്കണക്കിന് കേസുകളാണ് ഓരോമാസവും എടുക്കുന്നത്. വരുംദിനങ്ങളിൽ കർശനപരിശോധന നടത്താനാണ് തീരുമാനം.