വെര്‍ബല്‍ റേപ്പ് നേരിട്ടു, ഹരിതയിലെ പെൺകുട്ടികളെ വേശ്യകളോട് താരതമ്യം ചെയ്ത് സംസാരിച്ചു, ലീഗിനെതിരെ കടുത്ത വിമർശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍






കോഴിക്കോട്: ലൈംഗിക അധിക്ഷേപ പരാതിയില്‍ പാര്‍ട്ടി നടപടികള്‍ വേദനിപ്പിച്ചെന്ന് ഹരിത മുന്‍ ഭാരവാഹികള്‍. നവാസിന്റെ പരാമര്‍ശം ലൈംഗിക അധിക്ഷേപം തന്നെയാണെന്നും, ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലിതാണെന്നും മുന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സാദ്ദിഖലി തങ്ങളോടും,കുഞ്ഞാലിക്കുട്ടിയോടും, പിഎംഎ സലാമിനോടും പരാതി പറഞ്ഞു. സലാമിന്റെ പ്രതികരണങ്ങള്‍ ക്രൂരമായിരുന്നു. അങ്ങാടിയില്‍ തെണ്ടിത്തിരിയുന്നവര്‍ എന്ന് പറഞ്ഞു അപമാനിച്ചു.

പരാതി നല്‍കി 50 ദിവസം കഴിഞ്ഞാണ് വനിതാ കമ്മിഷനെ സമീപിച്ചതെന്നും മുന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്നു. ഹരിതയെ നയിക്കുന്നത് സൈബര്‍ ഗുണ്ടയെന്ന് പ്രചരിപ്പിച്ചു.ഈ വിഷയത്തില്‍ പാര്‍ട്ടി ഒരു നടപടി സ്വീകരിച്ചാല്‍ ഹരിതയിലുള്ള പല പെണ്‍കുട്ടികളുടെയും ചിത്രങ്ങളും വീഡിയോകളും അവന്റെ കൈയിലുണ്ട്. പല പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വരെ പറഞ്ഞു.ഹരിതയിലെ പെണ്‍കുട്ടികള്‍ സ്വഭാവ ദൂഷ്യമുള്ളവരാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നു. വെര്‍ബല്‍ റേപ്പ് നേരിട്ടു. വേശ്യകളോട് താരതമ്യം ചെയ്ത് സംസാരിച്ചു. പ്രസവിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് എംഎസ്‌എഫ് നേതാക്കള്‍ പ്രചാരണം നടത്തിയതായും മുന്‍ ഭാരവാഹികള്‍ ആരോപിച്ചു. തുറന്നുപറച്ചില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Previous Post Next Post