സ്‌കൂള്‍ ബസ്സില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വ്വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി


തിരുവനന്തപുരം▪️സ്‌കൂള്‍ ബസ്സില്ലാത്ത സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ബോണ്ട് സര്‍വ്വീസ് നടത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ഒക്ടോബര്‍ 20 നു മുമ്പ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ ഏത് റൂട്ടിലേക്കും ബസ് സര്‍വ്വീസ് നടത്തുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ആവശ്യത്തിന് ബസ്സില്ലാത്ത സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിക്കാന്‍ രക്ഷിതാക്കള്‍ക്ക് പേടിയാണ്. കോവിഡ് പേടി കാരണം പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ പലര്‍ക്കും മടിയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്.
ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടാകൂ. എല്ലാ സ്‌കൂള്‍ ബസ്സിലും തെര്‍മ്മല്‍ സ്‌കാനറും സാനിറ്റൈസറും നിര്‍ബന്ധമാക്കും. പ്രോട്ടോകോള്‍ പാലിക്കാത്ത സ്വകാര്യ ബസ്സുകള്‍ക്കെതിരെയും നടപടിയുണ്ടാകും. നിലവില്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാത്രമായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസ് നടത്തുന്നുണ്ട്.
Previous Post Next Post