ഞാന്‍ സൗമ്യനായിട്ടാണ് പ്രതികരിച്ചത്, സാര്‍ എന്ന് വിളിച്ചു; സല്ല്യൂട്ട് ഷോയില്‍ സുരേഷ് ഗോപിയുടെ പ്രതികരണം
തൃശ്ശൂരില്‍ ഒല്ലൂര്‍ എസ്‌ഐയെ നിര്‍ബന്ധിച്ച് സല്ല്യൂട്ട് ചെയ്യിച്ചെന്ന വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി. താന്‍ വളരെ സൗമ്യനായിട്ടാണ് എസ്‌ഐയോട് സംസാരിച്ചതെന്നും എംപിക്ക് സല്ല്യൂട്ട് ചെയ്യണമെന്നാണ് പ്രോട്ടോക്കോളെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം അത്തരത്തിലൊരു പ്രോട്ടോക്കോളില്ലെങ്കില്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടത് രാജ്യസഭാ ചെയര്‍മാനാണെന്ന് അഭിപ്രായപ്പെട്ട സുരേഷ് ഗോപി, എംപിക്കും എംഎല്‍എക്കും സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോകോളില്ല എന്ന പൊലീസ് അസോസിയേഷന്റെ വാദം നിഷേധിച്ചു.
അവിടുത്തെ നാട്ടുകാരുടെ, മരംമുറിച്ചിട്ട പ്രശ്‌നത്തില്‍ ഇടപെടുന്നതിനിടയില്‍ അത് ഫോറസ്റ്റിന്റെ വാഹനമാണോ എന്ന് ചോദിച്ചപ്പോള്‍ അത് പൊലീസാണെന്ന് പറഞ്ഞു. അദ്ദേഹത്തെ വിളിച്ച് സംഭവത്തില്‍ നീക്ക് പോക്കുണ്ടാക്കാമെന്ന് പറഞ്ഞപ്പോഴാണ് എസ്‌ഐ വാഹനത്തില്‍ നിന്നും ഇറങ്ങിവന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തോട് സംസാരിച്ചതെന്നും തീര്‍ത്തും സൗമ്യനായാണ് താന്‍ പ്രതികരിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ പ്രതികരണം: 'സാര്‍ എന്ന് വിളിച്ച് വളരെ സൗമ്യമായാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. സംസാരിച്ചത്. വണ്ടി കൊണ്ടുവന്ന് എന്റെ മുന്‍പിലിട്ട് അതിലിരുന്നു. പൊലീസ് വണ്ടിയാണെന്ന് മനസ്സിലായില്ല. ഫോറസ്റ്റിന്റെ വണ്ടിയാണെന്നാണ് കരുതിയത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ മരം വെട്ടിയിട്ടത് മാറ്റാന്‍ പറയാനായി വണ്ടിയിലുള്ളവരെ വിളിക്കാന്‍ ഞാന്‍ പറഞ്ഞു. അപ്പോഴാണ് ഒല്ലൂര്‍ പൊലീസിന്റെ വണ്ടിയാണെന്ന് മനസ്സിലായത്. എസ്ഐയോ സിഐയോ ഉണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞു. ഇത്രയും നേരം വണ്ടിയിലിരുന്നിട്ട് എസ്ഐ ഇറങ്ങിവന്നപ്പോള്‍ ഞാന്‍ പറഞ്ഞു. ഞാന്‍ എംപിയാണ് സാര്‍ , എനിക്ക് സല്യൂട്ടിന് അര്‍ഹതയുണ്ട്. സൌമ്യമാ യാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം സല്യൂട്ട് ചെയ്തു, ഞാന്‍ തിരിച്ചും. അതിലെന്തെങ്കിലും ഉണ്ടെങ്കില്‍ എന്റെ രാജ്യസഭാ ചെയര്‍മാനെ അറിയിക്കൂ. അദ്ദേഹമാണെന്റെ ലീഡര്‍ എംപിക്കും എംഎല്‍എക്കും സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോകോളില്ല എന്ന പൊലീസ് അസോസിയേഷന്റെ വാദം തെറ്റാണ്.'
അതേസമയം കേരള പൊലീസിന്റെ സ്റ്റാന്‍ഡിംഗം ഓര്‍ഡറില്‍ ആരെ സല്യൂട്ട് ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ നിര്‍ദേശമുണ്ടെന്നും ആ പ്രോട്ടോക്കോള്‍ പരിശീലന കാലം മുതല്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ പാലിച്ചുവരുന്നുണ്ടെന്നും പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിആർ ബിജു പറഞ്ഞു. ജനപ്രതിനിധികളെയും ജനാധിപത്യത്തെയും ആദരിക്കുന്നവരാണ് കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍. അതുകൊണ്ടുതന്നെ എംഎല്‍എമാരെയും എംപിമാരെയും കാണുമ്പോള്‍ അവര്‍ക്ക് നല്‍കേണ്ട ആദരം രാഷ്ട്രീയ വ്യത്യാസമില്ലാതെ അഭിവാദനങ്ങളിലൂടെയും സല്യൂട്ടിലൂടെയും പാലിച്ചുവരുന്നുണ്ട്. എന്നാല്‍ ഇത് പൊലീസ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരം തന്റെ അവകാശമാണെന്ന് എംപി അവകാശപ്പെടുന്നത് ശരിയല്ല. പിഎസ്ഒയില്‍ അങ്ങനെയൊരു നിര്‍ദേശിമില്ല എന്നതാണ് വസ്തുതയെന്നും അദ്ദേഹം വ്യക്തമാക്കി.
'രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ക്കെല്ലാം പിഎസ്ഒ പ്രകാരം സല്യൂട്ടിന് അര്‍ഹതയുണ്ട്. ഇതിനുപുറമെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും, മേലുദ്യോഗസ്ഥര്‍ക്കും, ഡ്യൂട്ടി സ്ഥലത്തിലൂടെ കടന്നുപോകുന്ന സായുധ സേനകള്‍ക്കും ഇത്തരത്തില്‍ സല്യൂട്ട് നല്‍കേണ്ടതുണ്ട്. മുന്നിലൂടെ കടന്നുപോകുന്ന മൃതദേഹങ്ങള്‍ക്കും ആദരസൂചകമായി സല്യൂട്ട് നല്‍കാറുണ്ട്. പാര്‍ലമെന്റിലും സെക്രട്ടറിയേറ്റുകളിലും നിയമിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തുന്ന ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യണമെന്ന് നിയമമുണ്ട്.'
ഈ നിര്‍വ്വചനങ്ങളില്‍ ഉള്‍പ്പെടാത്ത ജനപ്രതിനിധികളെപ്പോലും കേരള പൊലീസ് ഇപ്പോള്‍ സല്യൂട്ട് ചെയ്യുന്നുണ്ടെന്നും പൊലീസ് അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ അത് ചെയ്യണമെന്ന് മാനുവലില്‍ നിര്‍ദേശമില്ലെന്നിരിക്കെ പൊതു ജനമധ്യത്തില്‍ വെച്ച് ആക്ഷേപിച്ച് സല്യൂട്ട് ചോദിച്ചുവാങ്ങി അഭിമാനത്തെ ചോദ്യം ചെയ്യുന്നത് സേനയെ സംബന്ധിച്ച് ധാര്‍മ്മിക വിഷമമുണ്ടാക്കിയിട്ടുണ്ട്. ക്രമസമാധാന പരിപാലനവും കുറ്റാന്വേഷണവുമാണ് പൊലീസിന്റെ ജോലി, സല്യൂട്ട് ചെയ്യലല്ല. എന്നാല്‍ ഇക്കാരണത്താല്‍ ജനപ്രതിനിധികളുമായി ഏറ്റുമുട്ടാന്‍ പൊലീസിന് താത്പര്യമില്ല.
സമൂഹമധ്യത്തില്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍വെച്ച് അധിക്ഷേപിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ ഇല്ലാത്തതിനാല്‍ ആ പൊലീസുകാരന്‍ സല്യൂട്ട് നിഷേധിച്ചിരുന്നുവെങ്കില്‍ അവിടെ അപമാനിതനാകുന്നത് ആ ജനപ്രതിനിധിയാകുമായിരുന്നു. പക്ഷേ അതിന് ഇടവരുത്താതെ സല്യൂട്ട് ചെയ്യാനുള്ള മാന്യത ആ പൊലീസുദ്യോഗസ്ഥന്‍ കാണിച്ചത് വലിയ മനസ്സായിട്ടാണ് കാണേണ്ടത്. ഓരോരുത്തരുടെയും ശൈലിയിലുണ്ടാകേണ്ട ധാര്‍മ്മികയുടെ പ്രശ്‌നമാണിത്. ആദരവും ബഹുമാനവുമെല്ലാം കൊടുത്തുവാങ്ങേണ്ടതാണ്. ചോദിച്ചുവാങ്ങേണ്ടതല്ലെന്നും സി ആർ ബിജു കൂട്ടിച്ചേർത്തു.