പാല നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിന് പിന്തുണയുമായി ജോസ് കെ മാണി. ബിഷപ്പ് ഉയര്‍ത്തിയത് സമൂഹ്യതിന്മയ്‌ക്കെതിരായ ജാഗ്രതയാണെന്നും മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും ജോസ് കെ മാണി പറഞ്ഞു. ബിഷപ്പിനെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യം സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ബിഷപ്പിന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചു. ലഹരിമാഫിയക്ക് എതിരെ ചെറുത്തു നില്‍പ് രൂപപെടണം. അതിന് സഹായകരമായ ആഹ്വാനമാണ് ബിഷപ് നടത്തിയതെന്നും ജോസ് കെ മാണി പറഞ്ഞു
ജോസ് കെ മാണി പറഞ്ഞത്:' ''മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കുകയുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തത്. സാമൂഹ്യതിന്മകള്‍ക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവല്‍ക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിര്‍വഹിച്ചിട്ടുണ്ട്. സ്ത്രീധനം, ജാതിവിവേചനം തുടങ്ങിയ ദുരാചാരങ്ങള്‍ക്ക് എതിരായി രൂപപ്പെട്ട ചെറുത്തുനില്‍പ്പ് ലഹരിമാഫിയകള്‍ക്ക് എതിരെയും രൂപപ്പെടണം. അതിന് സഹായകരമായ ആഹ്വാനത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യവും സമാധാന അന്തരീക്ഷവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് എതിര്‍ക്കപ്പെടേണ്ടതുണ്ട്. പിതാവിന്റെ വാക്കുകള്‍ വളച്ചൊടിച്ച് ഉപയോഗിക്കുന്നത് സമൂഹത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വിപരീതമാണ്. മയക്കുമരുന്ന് കേരളീയ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നതില്‍ തര്‍ക്കമില്ല. കേരളം അഭിമാനകരമായ മതമൈത്രി പുലര്‍ത്തുന്ന നാടാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് ഇടയിലുള്ള സാഹോദര്യം നിലനിര്‍ത്താന്‍ നാമെല്ലാവരും കൂട്ടായി ശ്രമിക്കുകയാണ് വേണ്ടത്.''