കിര്‍ഗിസ്ഥാന്‍ യുവതിയും മകനും ഡല്‍ഹിയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ കൊല്ലപ്പെട്ടു; ദുരൂഹത






ന്യൂഡല്‍ഹി :   ഗര്‍ഭിണിയായ കിര്‍ഗിസ്ഥാന്‍ യുവതിയെയും ഒരു വയസ്സുള്ള മകനെയും ഡല്‍ഹി കല്‍ക്കാജി പ്രദേശത്തെ സുഹൃത്തിന്റെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മിഷ്‌കല്‍ സുമാബാവാ (28), മകന്‍ മാനസ് എന്നിവരാണു മരിച്ചതെന്നു പൊലീസ് പറഞ്ഞു.

 യുവതിയുടെ നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലും കുത്തേറ്റ പാടുകളുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്നാണു യുവതി സുഹൃത്തിന്റെ വീട്ടിലേക്കു വന്നത്. 5 മാസം ഗര്‍ഭിണിയായിരുന്നു മിഷ്‌കല്‍. ഭര്‍ത്താവ് വിനയ് ചൗഹാനൊപ്പം ഗ്രേറ്റര്‍ കൈലാഷിലായിരുന്നു ദമ്പതികളുടെ താമസം. 2 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. 

ഗെസ്റ്റ് ഹൗസുകള്‍ നടത്തുന്നയാളാണു വിനയ്. കിടക്കയില്‍ യുവതിയുടെ മൃതദേഹത്തിനു തൊട്ടടുത്താണു മകന്റേയും മൃതദേഹം കിടന്നിരുന്നത്. യുവതിയുടെ വനിതാ സുഹൃത്തിന്റെ വീട്ടിലാണു സംഭവമുണ്ടായത്. വിനയ് ആണു കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതെന്നു പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

'യുവതിയും കുഞ്ഞും കൊല്ലപ്പെട്ടെന്ന ഫോണ്‍ കോള്‍ കിട്ടിയതനുസരിച്ചാണു പൊലീസ് കല്‍ക്കാജിയിലെ സംഭവസ്ഥലത്ത് എത്തിയത്. മുറിവുകളോടെ ചോരയൊലിച്ചു കിടക്കുന്ന മൃതദേഹങ്ങളാണു കിടക്കയില്‍ കണ്ടെത്തിയത്. പ്രതിയെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്, പിടികൂടാനുള്ള ശ്രമത്തിലാണ്. കൊലപാതകത്തിന്റെ കാരണമെന്തെന്നും അന്വേഷിക്കുന്നുണ്ട്'- ഡിസിപി ആര്‍.പി.മീണ പറഞ്ഞു.

 സ്ഥലത്തു ക്രൈം, ഫൊറന്‍സിക് വിഭാഗങ്ങളും പരിശോധന നടത്തി. പൊലീസ് പറയുന്നത്: ഗര്‍ഭവുമായി ബന്ധപ്പെട്ടു തനിക്കു വയര്‍ വേദനിക്കുന്നതായി മിഷ്‌കല്‍ തിങ്കളാഴ്ച രാത്രി വിനയ്യോട് പരാതിപ്പെട്ടു. ആശുപത്രിയില്‍ പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തൊട്ടുപിന്നാലെ, സുഹൃത്ത് വാഹിദിനെ കാണാനായി വിനയ് വീട്ടില്‍നിന്നു പുറത്തുപോയി. ഇതേസമയം, മിഷ്‌കല്‍ തന്റെ സുഹൃത്ത് മത്‌ലുബ മദുസ്‌മോനോവയെ വിളിച്ചുവരുത്തി. മറ്റൊരു സുഹൃത്ത് അവിനിഷിനൊപ്പം ആശുപത്രിയില്‍ പോയി.

 കല്‍ക്കാജിയില്‍ താമസിക്കുന്ന ഉസ്‌ബെക്ക് സ്വദേശിനിയാണു മത്‌ലുബ. ആശുപത്രി സന്ദര്‍ശനത്തിനുശേഷം, മിഷ്‌കലിനെയും മകനെയും മത്‌ലുബ തന്റെ വീട്ടിലേക്കു കൊണ്ടുവന്നു. മത്‌ലുബയുടെ ഫ്‌ലാറ്റ്‌മേറ്റും ഇവിടെയുണ്ടായിരുന്നു. രണ്ടു പൊതുസുഹൃത്തുക്കള്‍ രാത്രിയില്‍ ഇവരെ വന്നു കണ്ടു മടങ്ങുകയും ചെയ്തു. ആശുപത്രിയില്‍ പോയതിനെപ്പറ്റിയും സുഹൃത്തിന്റെ വീട്ടിലേക്കു വന്നതിനെക്കുറിച്ചും മിഷ്‌കല്‍ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചു. അതിനുശേഷമാണു മിഷ്‌കലും മകനും കൊല്ലപ്പെട്ടത്. വീടിനു പരിസരത്തു സിസിടിവി ഇല്ല. സംഭവത്തില്‍ പുറമേനിന്നാരും ഇടപെട്ടിട്ടില്ലെന്നാണു കരുതുന്നതെന്നു പൊലീസ് അഭിപ്രായപ്പെട്ടു
Previous Post Next Post