പ്രഭാത നടത്തത്തിനിടെ ജഡ്ജിയെ വാഹനം ഇടിച്ചത് യാദൃച്ഛികമല്ല ; കൊലപാതകമെന്ന് സിബിഐ



judge utham anand

ജഡ്ജിയെ വാഹനം ഇടിക്കുന്ന വീഡിയോ ദൃശ്യത്തില്‍ നിന്ന്

 

ന്യൂഡല്‍ഹി : ധന്‍ബാദില്‍ ജഡ്ജി പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ചു മരിച്ചത് കൊലപാതകമെന്ന് സിബിഐ. റാഞ്ചി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്. ജഡ്ജിയെ  വാഹനം പിന്നില്‍ നിന്നും വന്നിടിച്ചത് യാദൃച്ഛികമല്ലെന്നും, ബോധപൂര്‍വം ഇടിപ്പിച്ചതാണെന്നും സിബിഐ പറയുന്നു. 

ധന്‍ബാദ് അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദാണ് കഴിഞ്ഞ ജൂലൈയില്‍ വാഹനം ഇടിച്ചു മരിച്ചത്. പ്രഭാത നടത്തത്തിനിടെയായിരുന്നു സംഭവം. റോഡരികിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നില്‍ നിന്നും വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നാര്‍കോ അനാലിസിസ് ടെസ്റ്റിന് വിധേയരാക്കി. പ്രതികളിലൊരാള്‍ മോഷ്ടിച്ചു കൊണ്ടു വന്ന ഓട്ടോയാണ് ജഡ്ജിയെ ഇടിപ്പിച്ചതെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പൊലീസിന്റെ അന്വേഷണത്തിനെതിരെ ജഡ്ജിയുടെ കുടുംബം രംഗത്തു വന്നതിനെ തുടര്‍ന്ന് റാഞ്ചി ഹൈക്കോടതിയാണ് കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. കേസ് അന്വേഷണം ഇപ്പോള്‍ സുപ്രീംകോടതി മേല്‍നോട്ടത്തിലാണ് നടക്കുന്നത്. 


أحدث أقدم