തിരുവനന്തപുരം : കേരളത്തില്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ലവ് ജിഹാദും നര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത്. കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ല. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല. കടുത്ത മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വര്‍ണവിവേചനത്തിന് തുല്യമാണ്. പാലാ ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി. പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുത്. സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.