പാക്കിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടം കൂടാതെ പാക്കിസ്ഥാൻ മറികടന്നു.
13 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു പാക്കിസ്ഥാന്റെ ഉജ്വല വിജയം. ക്യാപ്റ്റൻ ബാബർ അസമും (68) മുഹമ്മദ് റിസ്വാനും (79) അർധസെഞ്ചുറികളുമായി കളംവാണപ്പോൾ ഇന്ത്യക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒട്ടും ധൃതിയില്ലാതെ മികച്ച പ്രകടനത്തോടെയാണ് ബാബർ അസമും റിസ്വാനും പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.
ഷഹീൻ അഫ്രീദി എറിഞ്ഞു തകർത്ത വിക്കറ്റിൽ ഇന്ത്യ എറിഞ്ഞുവിയർക്കുകയായിരുന്നു. ഭുവനേശ്വറും ഷമിയും വരുൺ ചക്രവർത്തിയും തരക്കേടില്ലാതെ തല്ലുമേടിച്ചപ്പോൾ ബുംമ്രയും ജഡേജയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നേരത്തെ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്. ഷഹീൻ അഫ്രീദി കൊടുങ്കാറ്റിൽ ആടിയുലഞ്ഞ ടീം ഇന്ത്യയെ കോഹ്ലിയും (57) ഋഷഭ് പന്തും (39) നാണക്കേടിൽനിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു. രോഹിത് ശർമയെ ഗോൾഡൻ ഡക്കും കെ.എൽ രാഹുലിനെ ബൗൾഡാക്കിയും ഷഹീൻ ഇന്ത്യയെ തുടക്കത്തിലെ വിറപ്പിച്ചു.
സൂര്യകുമാർ യാദവിനെ (11) ഹസൻ അലിയും പുറത്താക്കിയതോടെ ഇന്ത്യ പതറി. പിന്നീട് ക്രീസിൽ ഒന്നിച്ച പന്തും ക്യാപ്റ്റനും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. 40 പന്തിൽ 53 റൺസ് ആണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പന്തിനെ ഷഹബാദ് ഖാൻ പുറത്താക്കിയതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. രണ്ടാം സ്പെല്ലിൽ കോഹ്ലിയെ പുറത്താക്കി ഷഹീൻ ഇന്ത്യൻ കുതിപ്പ് തടഞ്ഞു.
ഫോം ഔട്ടാണെന്ന് ഒരിക്കൽ കൂടി തെളിയില്ല ഹാർദിക് പാണ്ഡ്യക്കും (11) ജഡേജയ്ക്കും അവസാന ഓവറുകളിൽ ആഞ്ഞടിക്കാനായില്ല. ഇന്ത്യ 151 ൽ ഒതുങ്ങി. പാക്കിസ്ഥാന്റെ ഉജ്വല ഫീൽഡിംഗും ഇന്ത്യയുടെ റൺ ഒഴുക്ക് തടഞ്ഞു.