കലിഫോർണിയ: = ഒരു നിമിഷത്തെ വിദ്വേഷവും കൊടുംക്രൂരതയും എങ്ങനെ സ്വന്തം ജീവിതത്തെയും ഭാവിയെയും എന്നെന്നേക്കുമായി ചുട്ടെരിക്കുമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് കലിഫോർണിയയിൽ സഹപ്രവർത്തകരായ രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനില ബേബി (32).
ചോരയിറ്റുന്ന ആ ക്രൂരത ബാക്കിവച്ചത് രണ്ട് നിരപരാധികളുടെ ജീവനഷ്‌ടം മാത്രമല്ല, അവശേഷിക്കുന്ന ആയുസ്സ് മുഴുവൻ ഇരുമ്പഴിക്കുള്ളിൽ എരിഞ്ഞുതീരേണ്ടിവരുന്ന ഒരു കുറ്റവാളിയുടെ ദുരന്തം കൂടിയാണ്. സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗമായ 'അഡ്മിനിസ്ട്രേറ്റീവ് സെഗ്രിഗേഷൻ' വിങ്ങിലാണ് കോട്ടയം സ്വദേശിനിയായ അനില ഇപ്പോൾ കഴിയുന്നത്.
വെറും 48 ചതുരശ്ര അടി മാത്രം വലിപ്പമുള്ള, ചുവരിൽ ഘടിപ്പിച്ച ഇടുങ്ങിയ കട്ടിലും സ്റ്റീൽ ക്ലോസറ്റും മാത്രമുള്ള ഒറ്റമുറിയാണ് ഇപ്പോൾ ഇവരുടെ ലോകം. മറ്റ് തടവുകാരിൽ നിന്നുള്ള ആക്രമണം ഒഴിവാക്കാനാണ് ഈ സിംഗിൾ സെല്ലെങ്കിലും, അതിന് നൽകേണ്ടിവരുന്ന വില അതികഠിനമായ ഏകാന്തതയാണ്. ദിവസത്തിൽ 23 മണിക്കൂറും സ്വന്തം ശ്വാസത്തിന്റെ ശബ്ദം മാത്രം കേട്ട്, ആരോടും സംസാരിക്കാനാവാതെ ഇവിടെ കഴിയേണ്ടിവരുന്നു.
പുലർച്ചെ അഞ്ചുമണിക്ക് തലയെണ്ണലോടെയാണ് ദിനചര്യകൾ തുടങ്ങുന്നത്. ഭക്ഷണവും മരുന്നുകളും സെല്ലിന്റെ വാതിലിലുള്ള ചെറിയ ദ്വാരത്തിലൂടെ മാത്രമാണ് നൽകുന്നത്. ദിവസത്തിൽ അനുവദിച്ചിട്ടുള്ള ഒരു മണിക്കൂർ 'ടിയർടൈമിൽ' കനത്ത കാവലിൽ കുളി നടക്കും.
ആത്മഹത്യാസാധ്യതകൾ മുൻനിർത്തി സെല്ലിലെ മങ്ങിയ വെളിച്ചം 24 മണിക്കൂറും അണയ്ക്കില്ലെന്നു മാത്രമല്ല, ഓരോ 15 മുതൽ 30 മിനിറ്റിലും ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമെ, അഭിഭാഷകരെ കാണാൻ പോകുമ്പോഴുള്ള ചങ്ങലക്കെട്ടുകളും യാത്രകൾക്ക് മുൻപും ശേഷവുമെല്ലാം
വസ്ത്രങ്ങൾ പൂർണമായും അഴിപ്പിച്ച് നടത്തുന്ന 'സ്ട്രിപ്പ് സെർച്ചും' ഏതൊരു മനുഷ്യന്റെയും ആത്മാഭിമാനത്തെ തകർക്കുന്ന ഒന്നാണ്.
രണ്ട് "ഫസ്റ്റ് ഡിഗ്രി' കൊലപാതകക്കുറ്റങ്ങളും മാരകായുധം ഉപയോഗിച്ചതിനുള്ള വകുപ്പുകളുമാണ് അനിലയ്ക്കെക്കെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ ഇത്തരം അതീവ ഗുരുതര കേസുകളിൽ തെളിവെടുപ്പും വിചാരണയും പൂർത്തിയാകാൻ വർഷങ്ങളെടുത്തേക്കാം. ജയിലും കോടതിയും തമ്മിൽ 50 മീറ്റർ മാത്രമാണ് ദൂരമെങ്കിലും, ഭൂഗർഭതുരങ്കം വഴിയാണ് ഇവരെ എത്തിക്കുന്നത്.
കോടതി ദിവസങ്ങളിൽ പുലർച്ചെ 3:30-ന് ഉണർത്തി, സ്ട്രിപ്പ് സെർച്ച്, നടത്തി, ചങ്ങലകൾ ധരിപ്പിച്ച് താഴത്തെ നിലയിലെ സെല്ലുകളിലേക്ക് മാറ്റും. മൊബൈൽ സിഗ്നലുകൾ പോലുമില്ലാത്ത ഭൂഗർഭകോടതിമുറികളിലാണ് വിചാരണ നടക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ കൗണ്ടി ജയിലിൽനിന്നും കലിഫോർണിയയിലെ കഠിനമായ സ്റ്റേറ്റ് പ്രിസണിലേക്ക് മാറ്റും. കുറഞ്ഞത് 51 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ഉറപ്പായതിനാൽ, ജീവിതത്തിന്റെ വസന്തകാലം മുഴുവൻ ഇനി കരിങ്കൽമതിലുകൾക്കുള്ളിൽ തീർന്നുപോകും.
മെച്ചപ്പെട്ട തൊഴിലും ഉയർന്ന വരുമാനവും നേടി മാന്യമായ ജീവിതം കെട്ടിപ്പടുക്കാനും, നാട്ടിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്ക് താങ്ങാവാനുമാണ് ഓരോ മലയാളിയും കടൽ കടക്കുന്നത്. എന്നാൽ, സ്വന്തം മൂല്യങ്ങളെയും നാടിനെയും വിസ്മരിച്ച് തെറ്റായ വഴികളിലേക്ക് തിരിയുന്ന പ്രവണത പലപ്പോഴും അപ്രതീക്ഷിതമായ ദുരന്തങ്ങളിലേക്കാണ് എത്തിക്കുന്നത്. ഒരു ചെറിയ അവിവേകമോ വിദ്വേഷമോ ജീവിതത്തെ തിരികെ നടക്കാനാവാത്ത വിധം ഇരുട്ടിലാക്കാം.
അത്തരം വീഴ്ചകൾ കൊണ്ടെത്തിക്കുന്നത് തിരുത്താനാവാത്ത നിയമക്കുരുക്കുകളിലേക്കും ജയിൽ ചുവരിലെ ഇടുങ്ങിയ കട്ടിലുകളിലേക്കുമാണ്. നാമെന്തിന് ഇവിടെയെത്തി, നമ്മുടെ കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ് എന്ന് ഓരോ പ്രവാസിയും സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ ആത്മപരിശോധനയിലും തിരിച്ചറിവിലുമാണ് പ്രവാസജീവിതത്തിന്റെ യഥാർത്ഥ വിജയവും അർഥവും കുടികൊള്ളുന്നത്.