കല്‍ക്കരി ക്ഷാമം: വൈദ്യുതി ലഭ്യത 20% കുറഞ്ഞാല്‍ കേരളം 15 മിനിറ്റ് ഇരുട്ടിലാവും








തിരുവനന്തപുരം : രാജ്യത്തെ കൽക്കരിക്ഷാമം കാരണം താപവൈദ്യുത നിലയങ്ങളിൽനിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതിനാൽ കേരളത്തിൽ നേരിയതോതിൽ വൈദ്യുതി നിയന്ത്രണമുണ്ടാവും. എന്നാൽ, ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

വൈദ്യുതി ഉപയോഗം കുറച്ചുനിർത്തിയാലേ പ്രതിസന്ധി മറികടക്കാനാവൂ. അതിന്റെ ഭാഗമായാണ് നിയന്ത്രണം.
ഉപയോക്താക്കൾ കുറഞ്ഞ പ്രദേശങ്ങളിലെ ഫീഡറുകൾ അല്പനേരം നിർത്തിയും വോൾട്ടേജ് നിയന്ത്രിച്ചുമാണ് ഇപ്പോൾ ഉപയോഗം കുറയ്ക്കുന്നത്. ഇത് തുടരും. മഴപെയ്യുന്നതിനാൽ ആവശ്യകതയിൽ വർധനയുണ്ടാകാത്തത് ആശ്വാസമാണ്.

വൈകുന്നേരം ആറര മുതൽ രാത്രി 11 വരെ ഉപയോഗം കൂടിനിൽക്കുന്ന സമയത്ത് 70 ശതമാനവും പുറത്തുനിന്നുള്ള താപവൈദ്യുതിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് നിയന്ത്രണം വേണ്ടിവരുന്നത്. വൈദ്യുതി ലഭ്യതയിൽ ഇപ്പോൾ 15 ശതമാനമാണ് കുറവ്. ഇത് 20 ശതമാനത്തിൽ ഏറെയായാൽ സംസ്ഥാനത്ത് രാത്രി 15 മിനിറ്റെങ്കിലും നിയന്ത്രണം വേണ്ടിവരും. ഇതൊഴിവാക്കാനാണ് ശ്രമം.

*നിലവിൽ തടസ്സമുള്ളത് കേരളത്തിന് വൈദ്യുതി കിട്ടുന്ന മൂന്ന് നിലയങ്ങളിൽ*

തിരുവനന്തപുരം:സംസ്ഥാനത്തിനു പുറത്ത് 27 താപനിലയങ്ങളിൽനിന്നാണ് കേരളത്തിന് വൈദ്യുതി കിട്ടുന്നത്. ഇതിൽ മൂന്നുനിലയങ്ങളിൽനിന്നാണ് വൈദ്യുതി തടസ്സപ്പെട്ടത്. കേരളം വൈദ്യുതി വാങ്ങുന്ന പ്രധാന നിലയങ്ങൾക്ക് സ്വന്തമായി കൽക്കരിഖനികളുണ്ട്. അവയെ ഇപ്പോൾ ക്ഷാമം ബാധിച്ചിട്ടില്ല.
എന്നാൽ, പ്രതിസന്ധി ഈ നിലയങ്ങളിലേക്കും നീണ്ടാൽ കേരളത്തിൽ കൂടുതൽ നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതിബോർഡ് ചെയർമാൻ ഡോ. ബി. അശോക് പറഞ്ഞു. ഈ മാസം 19-ഓടെ സ്ഥിതി മെച്ചപ്പെടാനാണു സാധ്യത.

രണ്ടുകോടി അധികം ചെലവിടും

വൈദ്യുതിലഭ്യത വിലയിരുത്താൻ ഞായറാഴ്ച കെ.എസ്.ഇ.ബി. യോഗംചേർന്നു. കൂടുതൽ നിയന്ത്രണം ഒഴിവാക്കാൻ വൈദ്യുതി വാങ്ങാൻ ദിവസേന രണ്ടുകോടിരൂപ അധികം ചെലവിടാൻ യോഗത്തിൽ തീരുമാനമായി. ഉത്പാദനം മുടങ്ങിക്കിടക്കുന്ന കോഴിക്കോട് നല്ലളത്തെ ഡീസൽ വൈദ്യുതനിലയം പ്രവർത്തനസജ്ജമാക്കും. ഇവിടെയുണ്ടാക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 19 രൂപവരെ വിലവരും. കൂടങ്കുളം ആണവനിലയത്തിൽനിന്ന് മുടങ്ങിയിരുന്ന 130 മെഗാവാട്ട് വൈദ്യുതി കിട്ടാൻ തുടങ്ങിയിട്ടുമുണ്ട്.

*വൈദ്യുതി ഉപയോഗം ഇങ്ങനെ*

പീക് അവർ- രാത്രി 6.30-11.00

ആകെ വേണ്ടത്- 3750 മെഗാവാട്ട്
കൽക്കരി നിലയങ്ങളിൽനിന്ന്- 2500 മെഗാവാട്ട്
ജലവൈദ്യുതി- 1000 മെഗാവാട്ട്
ആണവ വൈദ്യുതി-250 മെഗാവാട്ട്

നിയന്ത്രണം വേണ്ടിവരും
വൈദ്യുതിക്ഷാമം തുടർന്നാൽ വൈദ്യുതി നിയന്ത്രണം വേണ്ടിവരും. ഇത് വ്യവസായ മേഖലയെ ബാധിക്കാത്ത തരത്തിൽ നടപ്പാക്കാനാണ് ശ്രമം - മന്ത്രി കെ. കൃഷ്ണൻകുട്ടി

Previous Post Next Post