ന്യൂഡല്‍ഹി : ലഖിംപൂര്‍ ഖേരി കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം പാഞ്ഞുകയറി കര്‍ഷകരുള്‍പ്പെടെ മരിച്ച സംഭവത്തില്‍ സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. അടിയന്തര റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
സംഭവവുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ആരൊക്കെ മരിച്ചു, എഫ്‌ഐആറില്‍ ആരുടെയൊക്കെ പേരുണ്ട്, എത്ര പേരെ അറസ്റ്റ് ചെയ്തു എന്നിവയടക്കമുള്ള വിശദമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ചിഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലഖിംപൂര്‍ സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലുള്ള കേസ് സംബന്ധിച്ച വിവരവും സുപ്രീംകോടതി തേടിയിട്ടുണ്ട്.
സംഘര്‍ഷത്തിനിടെ മകന്‍ കൊല്ലപ്പെട്ടതറിഞ്ഞ മാനസികാഘാതത്തില്‍ ഗുരുതരാവസ്ഥയിലായ ലവ് പ്രീത് സിങിന്റെ അമ്മയ്ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ചീഫ് ജസ്റ്റിസ് യു പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകനുള്‍പ്പെട്ട സംഘം വാഹനം ഓടിച്ചുകയറ്റി കര്‍ഷകര്‍ അടക്കം പത്തുപേര്‍ കൊല്ലപ്പെട്ടത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് നാളെ കോടതി വീണ്ടും പരിഗണിക്കും.