കര്‍ഷക ഭൂമിയില്‍ യുവാവിനെ കൊന്ന് ബാരിക്കേഡില്‍ കെട്ടിതൂക്കിയ നിലയില്‍ ഇടതു കൈ വെട്ടിമാറ്റി ... കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല


 
 ഡല്‍ഹിയിലെ കര്‍ഷക സമരഭൂമിയില്‍ യുവാവ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍. ഹരിയാനയിലെ സോണിപത് ജില്ലയില്‍ പെട്ട കുണ്ഡലിയിലെ ഡല്‍ഹി അതിര്‍ത്തിയായ സിങ്ഘുവില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡില്‍ കെട്ടിതൂക്കിയ നിലയിലായിരുന്നു മൃതദേഹം. ഇയാളുടെ കൈ വെട്ടി മാറ്റിയ നിലയിലാണ്. എന്നാല്‍ കൊല്ലപ്പെട്ടയാളെ ഇതു വരെയും തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ സിഖ് വിഭാഗത്തിലെ തീവ്രസംഘടനയായ നിഹാംഗില്‍ ഉള്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊലയുടെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. യുവാവിനെ ആക്രമിച്ച് വലിച്ചിഴക്കുന്നതും തല കീഴായി കെട്ടി തൂക്കുന്നതുമായ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. രക്തത്തില്‍ കുളിച്ച നിലയില്‍ മുറിച്ചു മാറ്റിയ ഇടത് കൈ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ സംഭവത്തെക്കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷവും നിഹാംഗുകള്‍ സമാനമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോക്ഡൗണിനിടെ പാട്യാലയില്‍ വച്ച് യാത്രാ പാസ് ചോദിച്ച പൊലിസുക്കാരന്റെ കൈ വെട്ടിമാറ്റിയ സംഭവത്തിന് പിന്നില്‍ ഇതേ സിഖ് ഭീകര സംഘടനയാണ് എന്നായിരുന്നു റിപ്പോര്‍ട്ട്.


Previous Post Next Post