കര്‍ഷകര്‍ സമരം നടത്തുന്നത് എന്തിനെതിരെ ? ; വിമര്‍ശനവുമായി സുപ്രീംകോടതി






ന്യൂഡല്‍ഹി : കര്‍ഷക സമരത്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. കര്‍ഷകര്‍ സമരം നടത്തുന്നത് എന്തിന് എതിരെയെന്ന് കോടതി ചോദിച്ചു. കാര്‍ഷിക നിയമങ്ങള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. നിയമം നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നിട്ടും കര്‍ഷകര്‍ തെരുവില്‍ സമരം തുടരുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. 

ജന്തര്‍ മന്ദറില്‍ സമരം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ മഹാപഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ ചോദിച്ചത്. ഈ വിഷയത്തില്‍ സമരം ചെയ്യാനുള്ള പരിപൂര്‍ണ അവകാശം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. 

നിങ്ങള്‍ നിയമങ്ങളെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരിക്കുന്നു. അതേസമയം പ്രതിഷേധവും നടത്തുന്നു. ഒരേ സമയം രണ്ടും നടത്തുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ഒന്നുകില്‍ കോടതിയേയോ പാര്‍ലമെന്റിനേയോ സമീപിക്കുക അല്ലെങ്കില്‍ തെരുവിലിറങ്ങുക എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 

ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? നിയമം പ്രാബല്യത്തില്‍ ഇല്ലാത്തപ്പോള്‍ എന്തിനാണ് പ്രതിഷേധിക്കുന്നത്? കോടതി അത് നിര്‍ത്തിവച്ചു. നിയമം ഉണ്ടാക്കുന്നത് പാര്‍ലമെന്റാണ്, സര്‍ക്കാരല്ല. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരും ഉണ്ടാകില്ലെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അഭിപ്രായപ്പെട്ടു. 

അതിനിടെ കര്‍ഷക സമരത്തിന്റെ ഭാഗമായി ഡല്‍ഹി ദേശീയപാത ഉപരോധിക്കുന്നതിനെതിരെ നോയിഡ സ്വദേശി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കര്‍ഷക സംഘടനകള്‍ക്ക് നോട്ടീസ് അയച്ചു. 43 കർഷക സംഘടനകൾക്കാണ് നോട്ടീസ്. കേസ് ഈ മാസം 20 ന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 


Previous Post Next Post