സഹോദരന്റെ പിറന്നാൾദിനത്തിൽ കടൽകാണാനെത്തിയ പതിനൊന്നുകാരി സഹോദരി തിരയിൽപെട്ട് മരിച്ചു..
മണിയൂർ കുറുന്തോടി കുഴിച്ചാലിൽ റിജുവിന്റെ മകൾ സനോമിയ (11) യാണ് മരിച്ചത്. കൊളാവിപ്പാലം-കോട്ടക്കടപ്പുറം കടൽത്തീരത്ത് ഇന്നലെ വൈകീട്ടാണ് അപകടം. അമ്മയോടൊപ്പം കടൽത്തീരത്ത് നിന്ന കുട്ടി ആഞ്ഞടിച്ച തിരമാലയിൽപെട്ട് ഒഴുകിപ്പോകുകയായിരുന്നു.
നിലവിളികേട്ട് കക്കവാരുന്ന തൊഴിലാളികൾ കുട്ടിയെ കരയ്ക്കെത്തിച്ചു. തുടർന്ന് വടകര സഹകരണ ആശുപത്രിയിലും പിനീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ സിയോണിന്റെ പിറന്നാളായിരുന്നു ഇന്നലെ.