ചെന്നൈ : സ്ത്രീയുടെ ആറുപവന്‍ സ്വര്‍ണ മാല മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചയാള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് സംഭവം നടന്നത്. മാല മോഷ്ടിച്ച ശേഷം ഇയാള്‍ തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
പാഡൂര്‍ റോഡിലെ ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഇയാളെ പൊലീസ് സംഘം വളഞ്ഞു. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിവെച്ചത് എന്നാണ് പൊലീസ് വിശദീകരണം. ഇയാളുടെ കൂടെയുണ്ടായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ബസ് കാത്തുനിന്ന ഇന്ദിര എന്ന സ്ത്രീയുടെ മാലയാണ് ഇവര്‍ പൊട്ടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയവര്‍ മോഷ്ടാക്കളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഈ സമയത്ത് ഇവര്‍ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെയ്ക്കുകയായിരുന്നു.