മൊബൈലിൽ സമയം ചിലവഴിക്കുന്നവർ ശ്രദ്ധിക്കൂ ...വർദ്ധിക്കുന്ന സ്ക്രീൻ സമയം നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം ; ചെറുപ്പക്കാരും കുട്ടികളും കരുതിയിരിക്കണമെന്ന് പഠനം




 
കുട്ടികളും ചെറുപ്പക്കാരും ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ ചെലവഴിക്കുന്ന സമയം (സ്ക്രീന്‍ സമയം) വര്‍ധിക്കുന്നത് നേത്രരോഗങ്ങളായ മയോപ്പിയയും ഹ്രസ്വദൃഷ്ടിയും ബാധിക്കാന്‍ കൂടുതല്‍ സാഹചര്യമൊരുക്കുന്നതായി പഠനം. ലാന്‍സെറ്റ് ഡിജിറ്റല്‍ ഹെല്‍ത്ത് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. സിംഗപ്പൂര്‍, ഓസ്ട്രേലിയ, ചൈന, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും നേത്രരോഗ വിദഗ്ധരും, ആംഗ്ലിയ റസ്കിന്‍ യൂണിവേഴ്സിറ്റിയിവലെ പ്രഫസര്‍ റൂപര്‍ട്ട് ബോണ്‍ ഉള്‍പ്പെടെയുള്ളവരുമാണ് ഗവേഷണം നടത്തിയത്. മൂന്ന് മാസം പ്രായമുള്ള കുട്ടികൾ മുതൽ 33 വയസ്സ് വരെയുള്ള  കൗമാരക്കാരിലും സ്മാര്‍ട്ട് ഡിവൈസ് എക്സ്പോഷര്‍, മയോപിയ എന്നിവയുടെ ബന്ധം അന്വേഷിക്കുന്ന മൂവായിരത്തിലധികം പഠനങ്ങളാണ് ഇവര്‍ പരിശോധിച്ചത്.
മൊബൈല്‍ ഫോണ്‍ സ്ക്രീനുകള്‍ ഉള്‍പ്പെടെ സ്മാര്‍ട്ട് ഡിവൈസുകളിലെ സ്ക്രീനുകളില്‍ കൂടുതല്‍ സമയം നോക്കുന്നവര്‍ക്ക് മയോപ്പിയ ബാധിക്കാന്‍ 30 ശതമാനം സാധ്യത കൂടുതലാണെന്ന് ഇവര്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നു. ഇതിനൊപ്പം അമിതമായ കമ്പ്യൂട്ടർ ഉപയോഗം കൂടിയാകുമ്പോള്‍ അപകട സാധ്യത എകദേശം 80 ശതമാനമായി ഉയരുന്നു. കോവിഡ് മൂലം സ്കൂളുകള്‍ അടച്ചതോടെ ദശലക്ഷകണക്കിന് കുട്ടികള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വിദൂര പഠനരീതികള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പഠനഫലം പുറത്തുവന്നിരിക്കുന്നത്.

2050-ഓടെ ആഗോള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് മയോപിയ ബാധിച്ചേക്കുമെന്ന് പ്രഫസര്‍ റൂപര്‍ട്ട് ബോണ്‍ ചൂണ്ടിക്കാട്ടുന്നു. വളരെ വേഗം വ്യാപിക്കുന്ന ഒരു ആരോഗ്യപ്രശ്നമായി ഇത് മാറുകയാണ്. ഈ വിഷയത്തിലെ ഞങ്ങളുടെ പഠനം സമഗ്രമാണ്. കൂടാതെ യുവാക്കളില്‍ വര്‍ധിച്ചുവരുന്ന സ്ക്രീന്‍ സമ‍യവും മയോപിയയും തമ്മിലുള്ള ബന്ധം കാണിക്കുന്നതുമാണ്. ഓണ്‍ലൈന്‍ പഠനം ഉള്‍പ്പെടെ വ്യാപകമായ സാഹചര്യത്തില്‍ സ്ക്രീനില്‍ ചെലവഴിക്കുന്ന സമയവും കാഴ്ച പ്രശ്നങ്ങളും പഠിക്കുന്ന കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Previous Post Next Post