ടാങ്കറോടിച്ച് ആശ്ചര്യപ്പെടുത്തിയ ഡെലീഷ്യ ഇനി ദുബായിൽ വളയം പിടിക്കും.





തൃശൂർ : കൊച്ചി നഗര ഹൃദയത്തിലൂടെ ടാങ്കറോടിച്ച് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയ ഡെലീഷ്യ ദുബായിൽ വളയം പിടിക്കാനൊരുങ്ങുന്നു.

അറബിനാട്ടിൽ ടാങ്കർ ഓടിക്കുന്ന ആദ്യ മലയാളി വനിതയാവാൻ ഒരുങ്ങുകയാണ് തൃശൂർ കണ്ടശ്ശാംകടവ് സ്വദേശി ഡെലീഷ്യ. 

എറണാകുളം - മലപ്പുറം റൂട്ടിൽ 12,000 ലിറ്റർ ഇന്ധനം നിറച്ച ടാങ്കർ ലോറിയുമായി കുതിക്കുന്ന ഡെലീഷ്യ എന്ന യുവതിയുടെ കഥ മുൻപ് വാർത്തയായിരുന്നു. കഴിഞ്ഞ
ഒന്നര വർഷമായി എറണാകുളം ഇരുമ്പനത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിൽ നിന്നു മലപ്പുറം തിരൂരുള്ള പമ്പിലേക്ക് ലോഡ് എത്തിക്കുന്ന ജോലി ചെയ്യുകയായിരുന്നു ഡെലീഷ്യ.

ടാങ്കർ ഓടിക്കുമെന്നറിഞ്ഞ് ദുബായിൽ നിന്നു കമ്പനി അധികൃതർ നേരിട്ട് ജോലി വാഗ്ദാനം നൽകുകയായിരുന്നു. വിസയും വിമാന ടിക്കറ്റും ഉൾപ്പടെ നൽകിയാണ് ഡെലീഷ്യയെ മിഡ്-ഏഷ്യ കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് ആദ്യ ഘട്ടത്തിൽ യുവതിയുടെ ശമ്പളം. രണ്ടു വർഷത്തേക്കാണ് കരാർ. 

ഹെവി ലൈസൻസും പെട്രോളും ആസിഡും പോലുള്ള അപകടരമായ പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനുള്ള ഹസാഡ് ലൈസൻസും ഉള്ള ഡെലീഷ്യക്ക് ദുബായ് ലൈസൻസ് കമ്പനി തന്നെ എടുത്തു നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിലെ നിരത്തുകളിൽ 12,000 ലിറ്റർ ശേഷിയുള്ള ടാങ്കർ ലോറിയാണ് ഡെലീഷ്യ മുൻപ് ഓടിച്ചതെങ്കിൽ ഇനി 60,000 ലിറ്റർ ശേഷിയുള്ള ട്രെയിലറിന്റെ വളയമാണ് പിടിക്കുക. സ്വകാര്യ ചാനലിലെ ഒരു പരിപാടിയിൽ പങ്കെടുത്ത ഡെലീഷ്യ തനിക്ക് കാനഡയിൽ പോയി ബസ് ഓടിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ അവസരം തേടിയെത്തിയത്.



Previous Post Next Post