എംജി യൂണിവേഴ്സിറ്റിയില്‍ എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംഘര്‍ഷം, പരാതിയുമായി എഐഎസ്‌എഫ് വനിതാ നേതാവ്




കോട്ടയം:എംജി യൂണിവേഴ്സിറ്റിയില്‍ എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംഘര്‍ഷം. എം ജി യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തിനിടെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ എഐസ്‌എഫ് പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു എന്ന് എഐഎസ്‌എഫ് ആരോപിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.
 പൊലീസുകാരടക്കം ക്യാമ്പസിൽ ഉള്ളപ്പോൾ ആയിരുന്നു ആക്രമണം.

സംഘര്‍ഷത്തില്‍ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. സ്ത്രീത്വത്തെ അപമാനിക്കുന്നതും, കേട്ടാലറയ്ക്കുന്ന തെറിവിളിയുമാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയതെന്ന് എഐഎസ്എഫ് വനിതാ നേതാവ് പറഞ്ഞു.

പേരെടുത്ത് ചോദിച്ചാണ് എഐഎസ്എഫ്‌ സംസ്ഥാന കമ്മിറ്റി അംഗമായ സഹദിനെ പ്രജിത് കെ ബാബു എന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ചപ്പോള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും വസ്ത്രത്തില്‍ പിടിച്ച്‌ വലിക്കുകയും ചെയ്‌തെന്നും എഐഎസ്എഫ് വനിതാ നേതാവ് പറഞ്ഞു.

അതേസമയം, എസ്‌എഫ്‌ഐഐക്കുവേണ്ടി യൂണിവേഴ്‌സിറ്റി അധികൃതര്‍ തെരഞ്ഞടുപ്പ് അട്ടിമറിച്ചെന്ന ആരോപണമുയര്‍ത്തി കെഎസ് യൂ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു.

Previous Post Next Post