കുമളി (ഇടുക്കി) മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍.
ബേബി ഡാം ബലപ്പെടുത്തിയ ശേഷം സംഭരണിയുടെ ശേഷി കൂട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്തണമെങ്കില്‍ സമീപത്തെ മൂന്ന് മരങ്ങള്‍ മുറിക്കേണ്ടി വരും. ഡാമില്‍ നിര്‍ദേശിച്ച ബലപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. റൂള്‍ കര്‍വ് പാലിക്കുന്നതിന്റെ ഭാഗമായാണ് നിലവില്‍ ഷട്ടറുകള്‍ തുറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വിവാദത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തമിഴ്നാട് മന്ത്രി വ്യക്തമാക്കി. അണക്കെട്ട് സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഉദ്യോഗസ്ഥ സംഘവും അണക്കെട്ട് സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട് മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാറിലെത്തിയത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടര്‍ തുറന്ന സാഹചര്യത്തിലായിരുന്നു സന്ദര്‍ശനം.