കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി വിളക്കെഴുന്നള്ളിപ്പിന് വൈക്കം, ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾ കൂടാതെ മറ്റു ഏഴു ക്ഷേത്രങ്ങളിലേയും എഴുന്നള്ളിപ്പുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതിന് അഷ്ടമി അവലോകന യോഗം തീരുമാനിച്ചു. ക്ഷേത്രത്തിനകത്ത് ഒരേ സമയം 200 പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഇത്തവണ തിടമ്പേറ്റിയ അഞ്ചു എഴുന്നള്ളിപ്പുകൾക്കാണ് ജില്ലാ ഭരണകൂടം അനുമതി നല്കിയത്. എന്നാൽ അതാത് ക്ഷേത്രങ്ങളിലെ പൂർണ്ണ ഉത്തരവാദിത്വത്തോടെ ഇത് നടത്തുവാൻ തയ്യറാണന്ന് കാണിച്ച് അപേക്ഷ നല്കണം. എഴുന്നള്ളിപ്പുകൾ രാത്രി 12 മണിയോടെ തിരിച്ച് ക്ഷേത്രങ്ങളിൽ എത്തണം. വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ ഉൽസവത്തിന് ദേവസ്വം ബോർഡിന്റെ മൂന്ന് ആനകൾ ഉണ്ടാവും.
പ്രാതൽ, അത്താഴ ഊട്ട് എന്നിവയും പുറത്തേക്ക് എഴുന്നള്ളിപ്പ് സമയത്തെ വിളക്ക് വയ്പ്പ്, നിറപറ ചടങ്ങുകളും ഉണ്ടാവില്ല. ചെറിയ തോതിലുള്ള ദീപാലങ്കാരവും അകത്തേ വിരിപന്തലും വിവിധ വകുപ്പുകളുടെ പ്രാതിനിധ്യവും ഉണ്ടാവും. അരങ്ങേറ്റം നടത്തുവാൻ ആഗ്രഹിക്കുന്ന കലാകരൻമാർക്ക് അനുമതിയോടെ നടത്താൻ അവസരം ഒരുക്കും.