തലമുറമാറ്റത്തെ എതിർക്കുന്നത് മക്കള്‍ക്കുവേണ്ടി'; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും എതിരെ പരാതി പ്രവാഹം


ന്യൂഡല്‍ഹി: മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺ​ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. പാർട്ടിയെ തകർക്കാനാണ് ഇരുവരുടെയും നീക്കമെന്നും, മക്കള്‍ക്ക് വേണ്ടിയാണ് തലമുറ മാറ്റം എതിർക്കുന്നതെന്നും അടക്കം ഗുരുതര ആരോപണങ്ങളാണ് ഹെെക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ നേതാക്കള്‍ ഉന്നയിക്കുന്നതെന്നും സ്വകാര്യ ചാനൽ  റിപ്പോർട്ടുചെയ്തു.പുനഃസംഘടനക്കെതിരായ നീക്കത്തിൽ നിന്ന് നേതാക്കളെ ഹെെക്കമാന്‍ഡ് പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു. അതേസമയം, കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയെ ഇന്ന് ഉമ്മൻചാണ്ടി നേരിൽ കാണും. കൂടിക്കാഴ്ചയില്‍ സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി
 പുനഃസംഘടന നിര്‍ത്തിവെക്കണമെന്നാണ് എ,ഐ ഗ്രൂപ്പുകളുടെ ആവശ്യം. നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിപ്പിക്കുന്ന പക്ഷം ഇക്കാര്യം ഹെെക്കമാന്‍ഡിന് മുന്നില്‍ വ്യക്തമാക്കും. എന്നാല്‍ പുനഃസംഘടനയുമായി മുന്നോട്ടുപോകുന്ന പക്ഷം ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഏകപക്ഷീയമായ അച്ചടക്ക നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ഉമ്മന്‍ചാണ്ടി അടക്കമുള്ളവർ നേതൃത്വമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും. മുന്‍ കെപിസിസി സെക്രട്ടറി എംഎ ലത്തീഫ് ഉള്‍പ്പടെ ഒരാഴ്ചക്കിടെ ഉമ്മന്‍ചാണ്ടി പക്ഷത്തെ രണ്ട് നേതാക്കളാണ് അച്ചടക്ക നടപടി നേരിട്ടത്.
Previous Post Next Post