ഭാര്യയെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവതിക്ക് ഗുരുതരപരിക്ക്


കോഴിക്കോട്: നന്മണ്ടയില്‍ ഭാര്യയെന്ന് കരുതി യുവാവ് ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നന്മണ്ട സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നന്മണ്ട സഹകരണബാങ്കിലെ ക്ലാര്‍ക്ക് ശ്രീഷ്മയ്ക്കാണ് പരിക്കേറ്റത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നന്മണ്ട സര്‍വീസ് സഹകരണബാങ്കിലെ താത്കാലിക ജീവനക്കാരിക്കാണ് കുത്തേറ്റത്. കഴുത്ത് ലക്ഷ്യമാക്കിയാണ് ബിജുവെട്ടിയത്. ഒഴിഞ്ഞുമാറിയത് കൊണ്ട് കൈക്കാണ് പരിക്കേറ്റത്. ശ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നന്മണ്ട സ്വദേശി ബിജുവാണ് കത്തിയുമായി എത്തി ആക്രമണം നടത്തിയത്. 
ബിജുവിന്റെ മുന്‍ഭാര്യ ഇതേ ബാങ്കിലെ ക്ലാര്‍ക്കാണ്. ഭാര്യയാണെന്ന് കരുതിയാണ് ബിജു യുവതിയെ വെട്ടിയത്. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ജീവനക്കാരിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ഒന്നരവര്‍ഷം യുവതി ബിജുവില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു. അതിന് പിന്നാലെ യുവതി മറ്റൊരു കല്യാണം കഴിക്കുകയും ചെയ്തിരുന്നു.
നേരത്തെയും ബാങ്കിലെത്തി ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ബിജുവിനെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

أحدث أقدم