'എങ്ങനെ പൂജ നടത്തണം, തേങ്ങയുടയ്ക്കണം എന്നൊന്നും പറയാനാവില്ല'; തിരുപ്പതി ക്ഷേത്ര ആചാരങ്ങളില്‍ ക്രമക്കേടെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി



ന്യൂഡല്‍ഹി : ക്ഷേത്രത്തിലെ ദൈനംദിന പൂജകളുമായി ബന്ധപ്പെട്ട ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളുമായി ബന്ധപ്പെട്ട ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഇടപെടാന്‍ കോടതികള്‍ക്ക് കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വ്യവസ്ഥാപിതമായ ആചാരങ്ങളില്‍ ക്രമക്കേട് കണ്ടാല്‍ ഹര്‍ജിക്കാരന് കീഴ്‌ക്കോടതികളെ സമീപിക്കാവുന്നതാണ്. 

അല്ലാതെ പൂജകള്‍ എങ്ങനെ നിര്‍വഹിക്കണം, എങ്ങനെ തേങ്ങയുടയ്ക്കണം എന്നൊന്നും കോടതിക്ക് പറയാനാവില്ല. ഭരണപരമായ കാര്യങ്ങളില്‍ ക്രമക്കേട് ഉണ്ടെങ്കില്‍ കോടതികള്‍ക്ക് ഇടപെടാവുന്നതാണ്. ക്ഷേത്രത്തില്‍ ദര്‍ശനവുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കിലും കോടതികള്‍ക്ക് നിര്‍ദേശം നല്‍കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Previous Post Next Post