പത്തനംതിട്ട : കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാൽ റിസർവ്വോയറിന്റെ പരമാവധി ശേഷിയോട് അടുത്തതിനാലും രാത്രി 9 മണി മുതൽ കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചു. റിസർവ്വോയറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ പെയ്യുന്ന ശക്തമായ മഴയുടെ ഫലമായും
അനുവദനീയമായ ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേർന്നുകഴിഞ്ഞു. റിസർവ്വോയറിന്റെ പരമാവധി ശേഷി 986.33 മീറ്ററാണ്.
പമ്പ റിസർവ്വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത് യഥാക്രമം 982 മീറ്റർ, 983.5 മീറ്റർ, 984.5 മീറ്റർ ജലനിരപ്പ് എത്തിച്ചേരുമ്പോളാണ്. ഇത്തരത്തിൽ ജലനിരഷ് ചേർന്നതിനാൽ 14നു രാവിലെ നീല അലേർട്ടും 18ന് രാവിലെ ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിരുന്നു. ഇന്ന് രാത്രി 8 മണിക്ക് റിസർവ്വോയറിന്റെ ജലനിരപ്പ് 983.95 മീറ്ററിൽ എത്തി. നീരൊഴുക്ക് ശക്തമയതിനാലും അടുത്ത 6 മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ എത്തി ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് 9ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
റിസർവോയറിലെ അധിക ജലം സ്പിൽ വേയിലൂടെ ഒഴുക്കി വിടും. ഈ സാഹചര്യത്തിൽ പമ്പാ നദിയുടെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് കളക്ടർ ഡോ.ദിവ്യ.എസ് അയ്യർ അറിയിച്ചു. നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതുമാണെന്ന് അറിയിപ്പിലുണ്ട്.