നാലു കാമുകിമാര്‍ ഒരുമിച്ച് വീട്ടിലെത്തി; പൊരിഞ്ഞ വഴക്ക്; യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു



 



കൊല്‍ക്കത്ത: ഒരേ സമയം നാലു യുവതികളുമായി പ്രണയിച്ചിരുന്ന യുവാവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. പശ്ചിമബംഗാളിലെ കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം. ജോര്‍പാട്കിയില്‍ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായ സുബമോയ് കര്‍ എന്ന യുവാവ് ആണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

അലസജീവിതം നയിച്ചിരുന്ന യുവാവ് ഒരേ സമയം നാലു യുവതികളുമായും പ്രേമത്തിലായിരുന്നു. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ തമ്മില്‍ അറിഞ്ഞതോടെയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. 

കാളീപൂജ ആഘോഷങ്ങള്‍ കഴിഞ്ഞ് തിരികെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ, നാലു കാമുകിമാരും ഒരുമിച്ച് ഇയാളുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. വീട്ടിലെത്തിയ യുവാക്കള്‍ സുബമോയ് കറിനെ വളഞ്ഞു. കബളിപ്പിക്കപ്പെട്ടതില്‍ യുവതികള്‍ യുവാവിനെ ചോദ്യം ചെയ്തു. 

തര്‍ക്കം വഴക്കിലേക്ക് നീണ്ടു. ബഹളം കേട്ട് അയല്‍വാസികളും മറ്റും കൂടിയതോടെ, വീട്ടിനകത്തെ മുറിയില്‍ കയറി സുബമോയ് വിഷം കുടിക്കുകയായിരുന്നു. യുവാവ് വിഷം വഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് മനസിലാക്കിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇയാളെ അടുത്തുള്ള മതബംഗ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും ഇയാളെ കുച്ഛ്ബിഹാര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. 

ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന് സുബമോയിയുടെ വീട്ടുകാര്‍ തയ്യാറായിട്ടില്ല. യുവാവിനെതിരെ യുവതികള്‍ പൊലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

Previous Post Next Post