മാംസാഹാരം ഇഷ്ടമുള്ളവര്‍ അതു കഴിക്കും, സര്‍ക്കാരിന് പ്രശ്‌നമില്ല'; വിവാദ നടപടിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി
ജനങ്ങള്‍ സസ്യാഹരമാണോ, മാംസാഹരമാണോ കഴിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. സംസ്ഥാനത്ത് അഹമ്മദാബാദില്‍ ഉള്‍പ്പെടെ മാംസാഹാരം വില്‍ക്കുന്ന തെരുവ് കച്ചവടക്കാരോട് കടയൊഴിയാന്‍ നിര്‍ദ്ദേശിച്ചത് വിവാദമായതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഗതാഗത തടസ്സം നിയന്ത്രിക്കാന്‍ വേണ്ടി മാത്രമാണ് കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഭൂപേന്ദ്ര പട്ടേല്‍ വ്യക്തമാക്കി.
ജനങ്ങള്‍ എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ സര്‍ക്കാരിന് യാതൊരു പ്രശ്‌നവുമില്ല. ഗതാഗതകുരുക്കും ശുചിത്വവും കണക്കിലെടുത്താണ് തീരുമാനമെടുത്ത്. വൃത്തിയോടെ വേണം ഭക്ഷണം നല്‍കണം എന്നതാണ് സർക്കാർ നിലപാടെന്നും ഭൂപേന്ദ്ര പട്ടേല്‍ കൂട്ടിച്ചേർത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദില്‍ പൊതുനിരത്തുകളില്‍ നിന്നും ചില തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളുടെ നിര്‍ദ്ദേശ പ്രകാരം മാംസാഹാരം വില്‍ക്കുന്ന ഫുഡ് സ്റ്റാളുകള്‍ നിരോധിക്കാനായി കൈക്കൊണ്ട നിലപാട് വഴിയോരക്കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഭൂപേന്ദ്ര പട്ടേലിന്‍റെ പ്രതികരണം. അതേസമയം കടകള്‍ നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരായ കച്ചവടക്കാര്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.സ്‌കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ സമീപത്തെ 100 മീറ്റര്‍ ചുറ്റളവിലുള്ള മാംസാഹാര സ്റ്റോളുകള്‍ നീക്കം ചെയ്യണമെന്ന അഹമ്മദ9ബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനമാണ വിവാദമായത്. ഇതിന് പിന്നാലെ ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ നിന്നും മാംസാഹാര സ്റ്റാളുകള്‍ നീക്കണമെന്ന ആവശ്യവുമായി ചില ബിജെപി ലോക്കല്‍ നേതാക്കളും എത്തിയിരുന്നു.