വിവാഹ പാര്‍ട്ടിക്കിടെ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; പിതാവിന് കുത്തേറ്റു





കൊച്ചി: കല്യാണ ഹാളിൽ പ്രായപൂർത്തിയാവാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന് കുത്തേറ്റു. അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. നെട്ടൂർ ചക്കാലപ്പാടം റഫീക്ക് (42)ന് ആണ് കുത്തേറ്റത്. 

നെട്ടൂർ സ്വദേശി ജിൻഷാദ് എന്ന ആളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് റഫീക്ക് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ നെട്ടൂരിലെ ഹാളിൽ കല്യാണ പാർട്ടിക്ക് ഇടയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കുകയായിരുന്ന റഫീക്കിന്റെ മകളോടു ഇവർ മോശമായി പെരുമാറി. ഇത് ചോദ്യം ചെയ്തതായിരുന്നു റഫീക്ക്. 

മർദ്ദിച്ച് അവശനാക്കിയതിനു ശേഷം റഫീക്കിനെ കത്തിയെടുത്തു കുത്തി. തല, മുതുക്, നെഞ്ച്, കൈകൾ എന്നിവിടങ്ങളിലായി 6 കുത്തേറ്റു. അൻപതോളം പേർ ആ സമയം ഹാളിൽ ഉണ്ടായിരുന്നു. എന്നാൽ ലഹരി സംഘത്തിൽ പെട്ട യുവാക്കളോട് അടുക്കാൻ ഭയന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഹാൾ വിട്ടതിന് ശേഷമാണ് റഫീക്കിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെ തുടർന്ന് പനങ്ങാട് പൊലീസ് സ്ഥലത്തെത്തി.

Previous Post Next Post