സ്വകാര്യ ബസ്സുകള്‍ക്ക് വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാവുന്നില്ല കെഎസ്ആര്‍ടിസിയിലും കണ്‍സഷന്‍അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോട്ടയം ▪️സ്‌കൂള്‍ കോളേജുകള്‍  തുറന്നതോടെ തിരക്കുമൂലം വിദ്യാര്‍ത്ഥികളെ മുഴുവനായും ഉള്‍ക്കൊള്ളാനാവാതെ സ്വകാര്യ ബസ്സുടമകള്‍. യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ കെഎസ്ആര്‍ടിസി ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു.
ജില്ലയിലെ ഓരോ പ്രദേശത്തും സര്‍ക്കാര്‍ സ്‌കൂള്‍, കോളേജുകള്‍ക്ക് പുറമെ,  സ്വകാര്യ സ്‌കൂളുകളും,  കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കാരണം സ്വകാര്യ ബസുകളില്‍ കുത്തിനിറച്ചാണ് യാത്ര ചെയ്യുന്നത്. ടൗണുകളിലാ  ണെങ്കില്‍ വിദ്യാര്‍ത്ഥികളുടെ തിരക്ക് ഇരട്ടിയാവുന്നു. ഇതുമൂലം പലപ്പോഴും ബസ് ജീവനക്കാരും, വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റത്തിനും,  സംഘര്‍ഷത്തിനും കാരണമാകുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ രാവിലെയും, വൈകുന്നേരങ്ങളിലും കെഎസ്ആര്‍ടിസി ബസ്സുകളില്‍ കണ്‍സഷന്‍ നല്‍കി തിരക്ക് ഒഴിവാക്കണമെന്നാണ്  വിദ്യാര്‍ഥികളും, രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. അതേസമയം സ്വകാര്യ ബസ്സുകള്‍ ഓടാത്ത റൂട്ടുകളില്‍ കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥികള്‍ക്ക് നേരിയ കണ്‍സഷന്‍ നല്‍കുന്നുമുണ്ട്.
അതിനിടെ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അഞ്ചുരൂപയാക്കണമെന്ന ബസ്സുടമകളുടെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന്  സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് വിദ്യാര്‍ഥികള്‍ ഒഴികെ ബസ് ചാര്‍ജ് വര്‍ധനവിന് സര്‍ക്കാരും, ബസ്ഉടമകളും  കഴിഞ്ഞ ആഴ്ച നടന്ന ചര്‍ച്ചയില്‍ ഏകദേശ ധാരണയായത്. തുടര്‍ ചര്‍ച്ചയ്ക്ക്  ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്.
أحدث أقدم