ഒമൈക്രോണ്‍ : ജാഗ്രത വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി; കേന്ദസംഘം സംസ്ഥാനങ്ങളിലേക്ക്




 
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രത വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജില്ലാതലം മുതല്‍ പ്രതിരോധം ശക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. 

കൃത്യവും ഫലപ്രദവുമായ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കണം. പരിശോധനയും വാക്‌സിനേഷനും വര്‍ധിപ്പിക്കണം. താഴെതട്ടുമുതലുള്ള ആരോഗ്യസംവിധാനം ശക്തിപ്പെടുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്നും മോദി പറഞ്ഞു. കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിലും കേന്ദ്രസംഘം എത്തും.

അതേസമയം രാജ്യത്ത്് ഒമൈക്രോണ്‍ കേസുകള്‍ 300 കടന്നു. തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗികളുടെ എണ്ണം 300 കടന്നത്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികള്‍. ഇതുവരെ 80 ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ. ഡല്‍ഹിയില്‍ 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഒമൈക്രോണിന് മൂന്നിരട്ടി വ്യാപനതോത് കൂടുതലാണെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. മൊത്തം ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം രാജ്യത്ത് മുന്നൂറും പിന്നിട്ടതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാനങ്ങള്‍. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കാന്‍ എയിംസ് മേധാവി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.


Previous Post Next Post