ഉരച്ചാൽ പിടിക്കപ്പെടാത്ത സ്വർണ്ണം; മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് പ്രതി പിടിയിൽ



ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘത്തിലൊരാൾ കട്ടപ്പന പൊലീസ് പിടിയിൽ. കോതമംഗലം സ്വദേശി പീറ്റർ ദേവസ്യയാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. 2021 മാർച്ച് 19 നാണ് പീറ്റർ കട്ടപ്പനയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ രണ്ടരപവൻ തൂക്കമുള്ള മുക്കുപണ്ടങ്ങൾ പണയം വച്ച് 57000 രൂപ കൈക്കലാക്കിയത്. പ്രാഥമിക പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്താൻ കഴിയാത്ത തരത്തിൽ നിർമിച്ച വളകളാണ് പണയപ്പെടുത്തിയത്. പിന്നീട് ധനകാര്യ സ്ഥാപനത്തിന്റെ ഓഡിറ്റിങ് സമയത്താണ് വളകൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. 
പ്രതി നൽകിയ രേഖകൾ പ്രകാരം ബാങ്ക് ജീവനക്കാർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് നൽകിയ രേഖയും വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീറ്റർ പിടിയിലായത്. മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തുന്ന ഒരു വലിയ സംഘത്തിലെ കണ്ണിയാണ് പീറ്ററെന്ന് പൊലീസ് പറഞ്ഞു. ഉരച്ച് നോക്കിയാൽ പിടിക്കപ്പെടാത്ത രീതിയിൽ സ്വർണ്ണം പുറമേ പൂശിയ ആഭരണങ്ങളാണ് സംഘം പണയപ്പെടുത്തുന്നത്. 
മംഗലാപുരം കേന്ദ്രീകരിച്ചാണ് നിർമാണം. വ്യാജ ആഭരണങ്ങൾ പണയപ്പെടുത്തി ലഭിക്കുന്ന പണത്തിന്റെ തൊണ്ണൂറ് ശതമാനവും സംഘത്തിലെ പ്രധാനിക്കാണ്. അറസ്റ്റിലായ പീറ്റർ ദേവസ്യ തട്ടിയെടുത്ത പണത്തിൽ നാലിൽ മൂന്ന് ഭാഗവും പ്രധാനി കൈക്കലാക്കി. ഇയാളാണ് മംഗലാപുരത്ത് നിന്ന് ആഭരണങ്ങൾ എത്തിച്ച് നൽകുന്നതെന്നാണ് പിടിയിലായ പ്രതിയുടെ മൊഴി. മുഖ്യപ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 
أحدث أقدم