സർവകലാശാലകളിൽ സർക്കാർ നടത്തിവരുന്ന അനിയന്ത്രിതമായ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.
കാലടി, കണ്ണൂർ സർവകലാശാലകളിലെ വി സി നിയമനങ്ങളിൽ അതൃപ്തി. ചരിത്രത്തിലില്ലാത്ത വിധം അസാധാരണ പ്രതിഷേധവുമായാണ് ഗവർണ്ണർ സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.
കണ്ണൂർ വൈസ് ചാൻസിലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കി ഗവർണ്ണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
ഇങ്ങനെയാണെങ്കിൽ, സർവകലാശാലകളുടെ ചാൻസലർ എന്ന പരമാധികാര പദവി താൻ ഒഴിഞ്ഞു തരാമെന്നും, സർക്കാരിന് വേണമെങ്കിൽ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തിൽ ഗവർണ്ണർ പറയുന്നു.
ഇതോടൊപ്പം കാലടി സംസ്കൃത സർവകലാശാല വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി പേരുകൾ നൽകാത്തതും പ്രതിഷേധത്തിന് കാരണമാണ്. പട്ടിക നൽകാത്തതിനാൽ സെർച്ച് കമ്മിറ്റി തന്നെ ഇല്ലാതായി. ഇതിന് തൊട്ടു പിന്നാലെ സർക്കാർ ഒറ്റപ്പേര് വിസി സ്ഥാനത്തേക്ക് രാജ്ഭവന് നൽകി. ഇതിൽ ഗവർണ്ണർ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണ്ണർ കത്തിൽ കുറ്റപ്പെടുത്തുന്നു.