കെഎസ്ആർടിസി ബസുകളിൽ മാസ്ക്‌ പരിശോധനയ്ക്ക്‌ സ്ക്വാഡ് ഇൻസ്പെക്ടർമാർ






തിരുവനന്തപുരം :  കെഎസ്ആർടിസി ബസുകളിൽ മാസ്ക് ധരിക്കാതെ യാത്രചെയ്യുന്നവരെ പിടികൂടാൻ പരിശോധന നടത്തും. യാത്രക്കാർ മാത്രമല്ല, ബസിലെ ജീവനക്കാരും മുഖാവരണം ധരിക്കാൻ വിമുഖത കാണിക്കുന്നുവെന്നു കണ്ടെത്തിയതോടെയാണിത്. സ്ക്വാഡ് ഇൻസ്പെക്ടർമാരെയാണു പരിശോധനയ്ക്കു നിയോഗിക്കുന്നത്. 

ഇൻസ്പെക്ടർമാർ ഓരോദിവസവും അവരെ ചുമതലപ്പെടുത്തുന്ന നിശ്ചിതയെണ്ണം ബസുകളിൽ പരിശോധന നടത്തും. ഇതു കർശനമായി നടക്കുന്നുണ്ടെന്ന് വിജിലൻസ് ഓഫീസർ ഉറപ്പാക്കണമെന്നും കെ.എസ്.ആർ.ടി.സി. എക്സിക്യുട്ടീവ് ഡയറക്ടർ(ഓപ്പറേഷൻസ്) ഉത്തരവിട്ടു.

രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചതും കോവിഡ് നിയന്ത്രണങ്ങളിൽ അയവുവന്നതും കാരണം ബസ് യാത്രികരിൽ ഒരുവിഭാഗം മുഖാവരണം ഉപയോഗിക്കാൻ കൂട്ടാക്കുന്നില്ലെന്നാണു പരാതി. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷനും പരാതികൾ ലഭിച്ചു. ഒമിക്രോൺപോലുള്ള കോവിഡ് വകഭേദങ്ങൾ പടരുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണു പരിശോധന ആരംഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.




Previous Post Next Post