ഒമിക്രോൺ വ്യാപനം : അടച്ചിടൽ സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാം



ന്യൂഡൽഹി:
ഒമിക്രോണിന്റെ അതിവേഗ വ്യാപന സാധ്യത കണക്കിലെടുത്ത്‌ സംസ്ഥാനങ്ങൾ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത തുടരണമെന്ന് കോവിഡ് അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ അടച്ചിടലടക്കം നിയന്ത്രണം തീരുമാനിക്കാമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്‌ ഭൂഷൺ നിർദേശിച്ചു.തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന സംസ്ഥാനങ്ങൾ വാക്‌സിനേഷൻ വേഗം കൂട്ടണം. രോഗസ്ഥിരീകരണ നിരക്ക്‌ 10 ശതമാനത്തിൽ കൂടുകയോ ഓക്‌സിജൻ കിടക്കകൾ 40 ശതമാനത്തിലധികം നിറയുകയോ ചെയ്താല്‍ ജില്ലാ–- പ്രാദേശിക ഭരണകൂടങ്ങൾക്ക് അടച്ചിടൽ ഏർപ്പെടുത്താം. 

നിയന്ത്രണങ്ങൾ കുറഞ്ഞത്‌ രണ്ടാഴ്‌ചത്തേയ്‌ക്കാവണം.
ഒമിക്രോണിന്‌ സാധാരണ പനിയുടെ ലക്ഷണങ്ങളായതിനാൽ ഇത്തരം ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലും അടച്ചിടലാകാം. അടച്ചിടൽ, പരിശോധനയും നിരീക്ഷണവും, മെച്ചപ്പെട്ട ആശുപത്രി സൗകര്യങ്ങൾ, കോവിഡ്‌ പെരുമാറ്റ രീതികൾ, വാക്‌സിനേഷൻ എന്നിങ്ങനെ അഞ്ചുതല പ്രതിരോധം വേണം.
അടച്ചിടൽ വേണ്ടി വരുന്ന മേഖലകളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുകയും വലിയ ആൾക്കൂട്ടങ്ങൾ നിർബന്ധമായും നിയന്ത്രിക്കുകയും വേണം.
ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടുകയും ആംബുലൻസ്‌ സൗകര്യം ഉറപ്പാക്കുകയും വേണം. ഓക്‌സിജൻ ലഭ്യത ഉറപ്പാക്കണം. ഒരു മാസത്തേയ്‌ക്കുള്ള മരുന്നുകളെങ്കിലും കരുതണം. വീടുകളിൽ ചികിത്സയിലുള്ളവരുടെ കാര്യത്തിലും സമ്പർക്ക വിലക്കടക്കം പാലിക്കണം. പരിഭ്രാന്തി സൃഷ്ടിക്കുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്‌. വാർത്താസമ്മേളനങ്ങൾ തുടർച്ചയായി നടത്തണം.



أحدث أقدم