കണ്ണൂർ: ജനവിരുദ്ധമെന്ന് പ്രത്യക്ഷത്തിൽത്തന്നെ വ്യക്തമാകുന്ന കെ-റെയിൽ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ഇടതുപക്ഷാഭിമുഖ്യമുള്ള ശാസ്ത്രസാഹിത്യപരിഷത്ത് വീണ്ടും. പരിഷത്ത് കെ-റെയിൽ പദ്ധതിയെ എതിർക്കുകയല്ല, ചില പരിസ്ഥിതിപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതേയുള്ളൂവെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വന്നതിനുപിന്നാലെയാണ് ശക്തമായ ഭാഷയിൽ പരിഷത്തിന്റെ പ്രതികരണം.
സിൽവർലൈൻ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട്, പാരിസ്ഥികാഘാതപഠനം, സാമൂഹികാഘാത പഠനം എന്നിവയൊന്നും ചർച്ചചെയ്യാതെയാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കല്ലുകൾ നാട്ടി അതിർത്തി നിർണയിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും പരിഷത്ത് വ്യക്തമാക്കി. വിദേശ ഏജൻസികളിൽനിന്ന്് വായ്പ സംഘടിപ്പിക്കാനാണ് ഈ നീക്കമെന്ന് അവർ ആരോപിക്കുന്നു.
സമ്പന്നവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുകയാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യം. കെ-റെയിൽ കേന്ദ്രങ്ങളിൽ പുതിയ ടൗൺഷിപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണ്. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ കമ്പനി 10,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
സമ്പന്നർ മാത്രമാണ് യാത്രക്കാരായുണ്ടാവുക. അവരെയാണ് കെ-റെയിൽ ലക്ഷ്യമിടുന്നത്. 64,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ 1.26 ലക്ഷം കോടി രൂപയാകുമെന്നാണ് നീതി ആയോഗ് കണക്കാക്കുന്നത്.
കേരളത്തിലെ മണ്ണിന്റെയും മനുഷ്യന്റെയും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന വികസനമാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. കെ-റെയിലുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പൊതുജനസമക്ഷം വെക്കണമെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാടെന്ന് പ്രസിഡന്റ് ഒ.എം.ശങ്കരനും സെക്രട്ടറി പി.ഗോപകുമാറും വ്യക്തമാക്കി.