സിപിഐ (എം) കോട്ടയം ജില്ലാ സമ്മേളനം 13, 14, 15 തീയ്യതികളിൽ







കോട്ടയം : സിപിഐ (എം) കോട്ടയം ജില്ലാ സമ്മേളനം ജനുവരി 13, 14, 15 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.

സമ്മേളത്തിന്റെ പതാക-കൊടിമര ജാഥകൾ 12ന്‌ വൈകിട്ട്‌ നാലിന്‌ ജില്ലാ ആശുപത്രിക്ക്‌ സമീപം കേന്ദ്രീകരിച്ച്‌ പ്രകടനമായി തിരുനക്കര മൈതാനത്ത്‌ എത്തും.  

വൈകിട്ട്‌ അഞ്ചിന്‌ പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ പതാക ഉയർത്തും. തുടർന്ന്‌ കോട്ടയം ജില്ലയിലെ വിവിധ സമരങ്ങളുടെ ചരിത്രാവതരണമായ "സമരസാക്ഷ്യം' നടക്കും. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്യും. 
ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനാകും.
   
പ്രതിനിധി സമ്മേളനം 13ന്‌ മാമ്മൻ മാപ്പിള ഹാളിൽ (വി ആർ ഭാസ്‌കരൻ നഗർ) സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യും. എ വിജയരാഘവൻ, വൈക്കം വിശ്വൻ, ഡോ. ടി എം തോമസ്‌ ഐസക്‌, പി കെ ശ്രീമതി, എം സി ജോസഫൈൻ, എളമരം കരീം, എം എം മണി, കെ ജെ തോമസ്‌, പി രാജീവ്‌, വി എൻ വാസവൻ എന്നിവർ പങ്കെടുക്കും.
 
നിരവധി അനുബന്ധ പരിപാടികളോടെയാണ്‌ ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്‌. 
11ന്‌ വൈകിട്ട്‌ അഞ്ചിന്‌ പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ നടക്കുന്ന സാംസ്‌കാരിക സംഗമം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. 

13ന്‌ പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ വൈകിട്ട്‌ അഞ്ചിന്‌ നടക്കുന്ന ധനവിചാര സദസ്‌ ഡോ. ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. ജോസ്‌ കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തും.
 
14ന്‌ വൈകിട്ട്‌ അഞ്ചിന്‌ പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ "മതരാഷ്‌ട്രീയവും ഇന്ത്യയുടെ ഭാവിയും' എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. ഡോ. ഗീവർഗീസ്‌ മാർ കൂറിലോസ്‌ മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും.
  
15ന്‌ വൈകിട്ട്‌ അഞ്ചിന്‌ തിരുനക്കര മൈതാനത്ത്‌ നടക്കുന്ന പൊതുസമ്മേളനം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.
أحدث أقدم