സന്ദീപ് എം സോമൻ
ന്യൂസ് ബ്യൂറോ സിംഗപ്പൂർ
സിംഗപ്പൂർ: കോവിഡ്-19 കോൺടാക്റ്റ് ട്രേസറുകൾ തടസ്സപ്പെടുത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ച ചൈനയിൽ നിന്നുള്ള ദമ്പതികളെ നാടുകടത്തുകയും തടവിന് ശേഷം സിംഗപ്പൂരിലേക്ക് തിരികെ പ്രവേശിക്കുന്നത് തടയുകയും ചെയ്യുമെന്ന് ഇമിഗ്രേഷൻസ് ആൻഡ് ചെക്ക്‌പോയിന്റ് അതോറിറ്റി (ഐസിഎ) ചൊവ്വാഴ്ച (ജനുവരി 11) അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് തെറ്റായ വിവരങ്ങൾ നൽകുകയും സമ്പർക്കം കണ്ടെത്തുന്നത് തടസ്സപ്പെടുത്തുകയും ചെയ്തതിന് ചൈന സ്വദേശികളായ ഹു ജുൻ (40), ഷി ഷാ (38) എന്നിവർക്ക് ജയിൽ ശിക്ഷ വിധിച്ചു.
ഹുവിന്റെ അഞ്ച് മാസത്തെ തടവ് ജനുവരി 17 നും, ഭാര്യ ഷിയുടെ ആറ് മാസത്തെ തടവ് മെയ് 17 ന് ആരംഭിക്കും.
ഹ്രസ്വകാല സന്ദർശകനായി സിംഗപ്പൂരിലെത്തിയ ഹു, കഴിഞ്ഞ വർഷം ഒക്ടോബറിൽ സാംക്രമിക രോഗ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
സാംക്രമിക രോഗ നിയമപ്രകാരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന വിദേശികളെ ഗൗരവമായി കാണുമെന്ന് ഐസിഎ പറയുകയുണ്ടായി.
“കോവിഡ്-19 ന്റെ സംക്രമണ അപകടസാധ്യത നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികളിൽ വിട്ടുവീഴ്ച ചെയ്താൽ. അത്തരം വിദേശികൾക്കെതിരെ നടപടിയെടുക്കാൻ ഐസിഎ മടിക്കില്ല,”എന്നും അതോറിറ്റി പറഞ്ഞു.