തിരുവനന്തപുരം/ കോവിഡ്, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾക്കും ഒത്തുചേരലുകൾക്കും സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കാറ്റിൽ പറത്തി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് 502 സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിര സംഘടിപ്പിച്ചു എന്നതാണ് ശ്രദ്ധേയം.
ജനുവരി 14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിൽ ആണ് മെഗാ തിരുവാതിര കളി നടന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, എംഎൽഎ, സി.കെ.ഹരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ മാനിക്കാതെയുള്ള തിരുവാതിര കളി നടന്നത്. തിരുവാതിര കളി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അരങ്ങേറുമ്പോൾ സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച് മടങ്ങുകയായിരുന്നു.
കൊവിഡ്-19 കേസുകളിൽ ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് 100 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ചത്തെ കണക്കുകൾ പ്രകാരം 20 മുതൽ 40 വയസുവരെയുള്ളവരിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചെറുപ്പക്കാരിലാണ് രോഗബാധ കൂടുതൽ. നിലവിലുള്ള സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് ഒരു വശത്ത് പറയുമ്പോൾ മറുവശത്ത് തിരുവാതിര അരങ്ങേറുകയായിരുന്നു. കോവിഡ്, ഒമിക്രോൺ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നതാണ്. അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചത് എന്നതാണ് എടുത്ത് പറയേണ്ടത്.
ആൾക്കൂട്ടം ഒത്തുചേരുന്ന പരിപാടികളും പൊതുയോഗങ്ങളും ഒഴിവാക്കണമെന്ന നിർദേശം നൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. രാഷ്ട്രീയ പൊതുപരിപാടികൾക്കു നിലവിൽ വിലക്കില്ലെന്നും ശാരീരിക അകലമടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി നടത്തിയതെന്നുമുള്ള മുടന്തൻ ന്യായമാണ് ഇക്കാര്യത്തിൽ സംഘാടകർ പറയുന്നത്.