ന്യൂഡൽഹി : രാജ്യത്ത് കോവിഡ് സ്ഥിതി രൂക്ഷമാകുന്നു. ഒറ്റ ദിവസം കൊണ്ട് 55% വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,097 രോഗബാധയാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ജൂൺ 19ന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ് കണക്കാണ് ഇത്. 534 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനൊപ്പം തന്നെ ഒമിക്രോൺ രോഗ ബാധയും വർധിക്കുന്നുണ്ട്. 2,135 പുതിയ ഒമിക്രോൺ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് സ്ഥിരീകരിച്ചത്.
*മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 18,466, ബംഗാളിൽ 9073, ഡൽഹിയിൽ 5481, കേരളം 3640, തമിഴ്നാട് 2731 എന്നിങ്ങനേയാണ് സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ. ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.*
*ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 653 പേർക്കാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ 464, കേരളത്തിൽ 185, രാജസ്ഥാൻ 174, ഗുജറാത്ത് 154, തമിഴ്നാട് 121, തെലങ്കാന 84, കർണാടക 77, ഹരിയാന 71, ഒഡിഷ 37, ഉത്തർപ്രദേശ് 31, ആന്ധ്രാപ്രദേശ് 24, പശ്ചിമ ബംഗാൾ 20 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഒമിക്രോൺ ബാധിച്ച 828 പേർ രോഗമുക്തി നേടിയിട്ടുണ്ട് എന്നത് ആശ്വാസകരമായ വാർത്തയാണ്.*
*കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാടിൽ വാളയാർ ഉൾപ്പെടെയുള്ള അതിർത്തിപ്രദേശങ്ങളിൽ പരിശോധനകൾ ശക്തമാക്കും. രോഗലക്ഷണങ്ങളുമായി റെയിൽവേ സ്റ്റേഷനുകളിലോ വിമാനത്താവളങ്ങളിലോ അതിർത്തിപ്രദേശങ്ങളിലോ ഒക്കെ വരുന്നവരെ പരിശോധിച്ച ശേഷം മാത്രമേ കടത്തി വിടാവൂ എന്ന നിർദേശം നൽകിയിട്ടുണ്ട്. പൊതുയിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.*
*അതേസമയം കർണാടകയിൽ രാത്രി കർഫ്യൂവും വാരാന്ത്യ കർഫ്യുവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച് തിങ്കളാഴ്ച പുലർച്ചെ ആരംഭിക്കുന്ന വാരാന്ത്യ കർഫ്യു ആണ് കർണാടകയിൽ തീരുമാനിച്ചിരിക്കുന്നത്. വാരാന്ത്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ വരവ് നിയന്ത്രിക്കുക, കൂടിച്ചേരലുകൾ ഒഴിവാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് കർണാടക സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത് . സ്കൂളുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.