മൂന്നാർ/ ഭാര്യ പിണങ്ങി പോയതോടെ സോഷ്യൽ മീഡിയ വഴി പോലീസുകാരൻ കുരുക്കിയ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. സോഷ്യൽ മീഡിയ വഴി യുവതിക്ക് വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്യാം കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരിക്കുന്നത്. പോലീസ് സേനക്ക് തന്നെ ശ്യാം കുമാർ അപമാനം ഉണ്ടാക്കിയിരിക്കുകയാണ്.
മൂന്നാർ സ്വദേശിനിയായ ഷീബ ഏയ്ഞ്ചൽ റാണി (27) ആണ് മരണപ്പെട്ടത്. വിവാഹിതനായ ശ്യാംകുമാർ വിവാഹ വാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചതാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഡിസംബർ 31നാണ് ഷീബ ആത്മഹത്യ ചെയ്യുന്നത്. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ യുവതി കടുത്ത മാനസിക പ്രശ്നത്തിലായിരുന്നതായി വീട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു. മരിക്കുന്ന ദിവസം ഉച്ചവരെ പെൺകുട്ടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പൊലീസുകാരനായ ശ്യാംകുമാറുമായി ഷീബ അടുപ്പം പുലർത്തിയിരുന്നതായി കണ്ടെത്തുകയാണ് ഉണ്ടായത്.
2018ൽ ശ്യാംകുമാർ മൂന്നാറിൽ കൺട്രോൾ റൂം വെഹിക്കിൾ ഡ്രൈവറായിരിക്കെ പെൺകുട്ടിയുമായി അടുക്കുകയും വിവാഹ വാഗ്ദാനം നടത്തുകയുമായിരുന്നു. വിവരം അറിഞ്ഞ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയിടപ്പെട്ട് ഇയാളെ സ്ഥലം മാറ്റി. പിന്നീട് ബന്ധം തുടർന്നത് വീട്ടുകാർ അറിഞ്ഞില്ല. ശ്യാംകുമാർ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്ന് പിന്നീടാണ് പെൺകുട്ടി അറിയുന്നത്.
ഭാര്യ വഴക്കിട്ട് വീട്ടിൽ നിന്ന് പിണങ്ങി പോയിരിക്കുന്ന സമയത്ത് വിവാഹമോചനം നേടി, ഷീബയെ കല്യാണം കഴിക്കാമെന്നും ശ്യാംകുമാർ ഉറപ്പ് നൽക്കുകയായിരുന്നു. ഭാര്യ അധികം വൈകാതെ തന്നെ തിരിച്ചെത്തി. ഇക്കാര്യം ഷീബയെ അറിയിക്കാൻ ശ്യാംകുമാർ തയ്യാറായില്ല. വിവരം അറിഞ്ഞതോടെ ശ്യാം തന്നെ വഞ്ചിച്ചെന്ന നോവിഷമത്തിലായി ഷീബ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയായിട്ടുണ്ട്. തുടരന്വേഷണം ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിൽ നടക്കുന്നു.