വൈക്കം റേഞ്ചിലെ ഒരു ഷാപ്പിനെതിരെ സമീപവാസിയായ വീട്ടമ്മ നൽകിയ ഹർജിയിൽ ഷാപ്പ് മാറ്റി സ്ഥാപിക്കാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഷാപ്പുടമ നൽകിയ അപ്പീലിൽ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
1994-95 കാലയളവിൽ തുടങ്ങിയ ഷാപ്പിനരികെ 2005 ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. പിന്നെയും അഞ്ചു വർഷം കഴിഞ്ഞാണ് വീടു വച്ചത്. പിന്നെയും കുറെ നാൾ കഴിഞ്ഞാണ് താമസം തുടങ്ങിയത്.എതിർപ്പില്ലാത്ത മറ്റൊരു സ്ഥലം ഷാപ്പിനായി ചൂണ്ടിക്കാട്ടാൻ ഹർജിക്കാരിക്കു കഴിഞ്ഞില്ലെന്നും വിലയിരുത്തിയ കോടതി ,സിംഗിൾബെഞ്ചിന്റെ ഉത്തരവു റദ്ദാക്കി.
ഇതിനുശേഷം തൻറെയും കുടുംബത്തിൻറെയും സ്വകാര്യത ഹനിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വീട്ടമ്മ നൽകിയ പരാതിയിൽ ഷാപ്പ് മാറ്റി സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു. എന്നാൽ, അനുയോജ്യമായ സ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ലൈസൻസി നൽകിയ പരാതിയിൽ അനുയോജ്യ സ്ഥലം കിട്ടുന്നതുവരെ ഷാപ്പ് അവിടെത്തന്നെ തുടരാൻ സർക്കാർ അനുമതി നൽകി. ഇതിനെതിരേ വീട്ടമ്മ നൽകിയ ഹർജിയിലായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്.ഇതിനെതിരേ കള്ളുഷാപ്പ് ലൈസൻസി നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നല്ലാതെ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടില്ലെന്നത് കോടതി കണക്കിലെടുത്തു. മാറ്റി സ്ഥാപിക്കാൻ എതിർപ്പില്ലാത്ത സ്ഥലം ഷാപ്പിന്റെ പരിധിയിൽ വേറെയുള്ളത് ചൂണ്ടിക്കാട്ടാൻ ഹർജിക്കാരിക്കും കഴിഞ്ഞില്ല. ഇതെല്ലാം വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.