കേസില്‍ തുടരന്വേഷണം വേണം; മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്




തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി മുഖ്യമന്ത്രിക്ക് കത്തെഴുതി. കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെട്ടിട്ടുള്ളത്. 

കേസില്‍ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചിരിക്കുകയാണ്. ഇതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി. കേസിലെ പ്രതിയായ ദിലീപ് ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം തുടരന്വേഷണം വേണമെന്നാണ് നടി ആവശ്യപ്പെട്ടിട്ടുള്ളത്. 

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ കത്ത് നല്‍കിയിരുന്നു. വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ വിചാരണക്കോടതിയില്‍ വിചാരണ അന്തിമഘട്ടത്തിലാണ്. കേസില്‍ ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. 

Previous Post Next Post